വൈലത്തൂരിൽ പോലീസുകാർക്ക് ക്രൂരമർദനം; ഒരാൾ കസ്റ്റഡിയിൽ
തിരൂർ: വൈലത്തൂരിൽ വാഹനപരിശോധന നടത്തുകയായിരുന്ന രണ്ട് പോലീസുകാർക്ക് യുവാക്കളുടെ മർദനമേറ്റു. സംഭവത്തിൽ എ.എസ്.ഐ രാമചന്ദ്രനും കോൺസ്റ്റബിൾ സുധീഷിനുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വൈലത്തൂർ അരീക്കാട് സ്വദേശി ദിൽഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന തിരൂർ സ്വദേശിയായ യുവാവ് ഓടിരക്ഷപ്പെട്ടു.
വൈലത്തൂർ–വട്ടത്താണി റോഡിൽ ലൈസൻസില്ലാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി മഫ്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. യുവാക്കൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
മർദനത്തിൽ മൂക്കിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ രാമചന്ദ്രനെ ആദ്യം തിരൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





