നിലമ്പൂർ വടപുറത്ത് വെച്ച് സിപിഐ എംഎല്‍എ കെ രാജന്റെ കാറിന് പിറകെ ബൈക്കിടിച്ചു; യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍ | സിപിഐ നേതാവ് കെ രാജന് എംഎല്‍എയുടെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചു. കാറിന് കേടുപാട് പറ്റി. സംഭവത്തില്‍ ബൈക്ക് യാത്രികനായ യുവാവിനെ അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തു.എടക്കരയില്‍ സിപിഐ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം 5.30ന് കെഎന്‍ജി സംസ്ഥാന പാതയില്‍ വടപുറം പാലത്തില്‍ വച്ചാണ് സംഭവം. ഉദിരംപൊയില്‍ മഠത്തില്‍ മുഹമ്മദ് റാഷിക്കിനെതിരെയാണ് കേസെടുത്തത്.
അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തി. എംഎല്‍എ പുറത്തിറങ്ങി ബൈക്കിന്റ ഫോട്ടോ എടുത്തു.ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹനങ്ങള്‍ അല്‍പ്പം മുന്നോട്ട് നീക്കി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. അതിനിടെ കാറില്‍ എംഎല്‍എ എന്നെഴുതിയ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ട റാഷിക്ക് ബൈക്ക് ഓടിച്ചു പോയി. എംഎല്‍എ നിലമ്പൂര്‍ സിഐയെ വിളിച്ച് വിവരം അറിയിച്ച് എടക്കരക്ക് പോയി. 8.30 യോടെ നിലമ്പൂര്‍ സ്റ്റേഷനില്‍ എത്തിയ എംഎല്‍എ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് റാഷിക്കിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ബംപറിന് ഉള്‍പ്പെടെ കാറിന്റെ പിന്‍ഭാഗത്ത് കേട്പാട് പറ്റിയിട്ടുണ്ട്





