ഞാൻ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..’;കോടതിയിൽ വെല്ലുവിളിയുമായി ചെന്താമര
ഇരട്ടക്കൊലപാതകക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ വെല്ലുവിളിയുമായി പ്രതി ചെന്താമര. പാലക്കാട് ജില്ലാ സെഷൻസ് കോടതിക്ക് മുമ്പാകെയാണ് ഇയാൾ ഭീഷണിമുഴക്കിയത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ആദ്യം ഒന്നും പറയാനില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്നെ തൂക്കിലേറ്റിക്കോളൂ എന്നും ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കൻ താൻ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര വെല്ലുവിളിച്ചു.
എഴുതാൻ പറ്റുന്നത് എഴുതിക്കോയെന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം… എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
2026 ഫെബ്രുവരി 23നാണ് ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ പ്രതിക്ക് മുന്നിൽ കോടതി വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കേസിൽ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കഴിഞ്ഞയാഴ്‌ചയോടെ തന്നെ അന്തിമ വാദങ്ങൾ പൂർത്തിയാക്കിയിരുന്നു.ബി.എൻ.എസ് 103 (1) പ്രകാരം ജീവപര്യന്തമോ വധശിക്ഷയോ കിട്ടാവുന്ന കുറ്റമാണ് ഉള്ളത്. ശിക്ഷ വിധി മറ്റന്നാൾ പറയും.





