KeralaSpot light

ചിക്കൻ സാൻവിച്ച് കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; വയറിളക്കവും ഛർദിയുമായി 44 പേർ ആശുപത്രിയിൽ, സ്ഥാപനം അടച്ചൂപൂട്ടി ആരോഗ്യവിഭാഗം, സംഭവം മലപ്പുറം ജില്ലയിലെ അരീക്കോട്

അരീക്കോട് (മലപ്പുറം): ചിക്കൻ സാൻവിച്ച് കഴിച്ച 44 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്വാതന്ത്ര്യദിനാ​ഘോഷത്തിന്റെ ഭാഗമായി എത്തിച്ച സാൻവിച്ച് കഴിച്ച അരിക്കോട് മജ്മഅ സിദ്ദീഖിയ ദഅ് വ കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായാണ് ഇവർക്ക് വയറിളക്കവും ഛർദിയുമുണ്ടായത്. തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നൽകാൻ സ്ഥാപനത്തിന്റെ പുറത്ത് നിന്നാണ് ഇരുന്നൂറിലധികം ചിക്കൻ സാൻവിച്ച് എത്തിച്ചത്. സാൻവിച്ച് വിതരണം ചെയ്ത ചെട്ടിയങ്ങാടിയിലെ ഫുഡ് പ്രൊഡക്ട്സ് കമ്പനിയിൽ ഭക്ഷ്യസുരക്ഷ ഓഫിസറുടെയും മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെയും നിർദേശപ്രകാരം അടച്ചൂപൂട്ടി. സ്ഥാപനത്തിലെ 30ഓളം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും സ്ഥാപനത്തിലെ വെള്ളം പരിശോധിച്ച റിപ്പോർട്ട് സൂക്ഷിച്ചിട്ടില്ലാത്തതും ക​​ണ്ടെത്തി.കേക്ക്, ലഡു, നുറുക്ക് എന്നിവ നിർമിക്കുന്ന അടുക്കള വൃത്തിഹീനമാണ്. സ്ഥാപനത്തിലെ ജൈവ- അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം ഒരുക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ഫ്ലവേഴ്സിന്റെ കാലാവധി കഴിഞ്ഞ ഏഴ് ബോട്ടിലുകൾ കണ്ടെത്തി നശിപ്പിച്ചു. സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ഏഴ് ദിവസത്തിനകം ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button