KeralaSpot light

ഛത്തീസ്ഗഡില്‍ ഹിന്ദു ഉറക്കം മതിയാക്കി, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു’; കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയിൽ ബജ്റംഗദളിനെ പിന്തുണച്ച് ജന്മഭൂമിയിൽ ലേഖനം

കൊച്ചി: ഛത്തിസ്‍ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ ബജ്റംഗദളിനെയും ബിജെപി സർക്കാറിനെയും ന്യായീകരിച്ച് സംഘപരിവാർ മുഖപത്രം ജന്മഭൂമിയിൽ ലേഖനം. മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികന്‍ പി നാരായണനാണ് ജന്മ ഭൂമിയില്‍ ലേഖനമെഴുതിയത്. ഛത്തീസ്ഗഡില്‍ ഹിന്ദു ഉറക്കം മതിയാക്കി, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു എന്ന തലക്കെട്ടിലാണ് മിഷണറി പ്രവർത്തനത്തെ അതിരൂക്ഷമായി ആക്രമിക്കുന്ന ലേഖനം.’വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷണറി പ്രവർത്തനം അതിഗുരുതര സ്വഭാവത്തിലുള്ളതാണ്. മേഘാലയ, മിസോറം, അസ്സം സംസ്ഥാനങ്ങളില്‍ മിഷണറിമാർ രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആയിട്ടുണ്ട്. ഛത്തിസ്ഗഡ് പോലെയുള്ള ഹിന്ദുപ്രദേശങ്ങളില്‍ മതംമാറ്റ പ്രവർത്തനങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്യരുതെന്ന ശാഠ്യം അനുവദിക്കാവുന്നതാണോ എന്ന് ചിന്തിക്കണമെന്ന് ലേഖനം പറയുന്നു.’മിഷണറിമാരുടെ മതപരിവർത്തന പദ്ധതികളെ കുറിച്ച് മധ്യപ്രദേശ് സർക്കാർ 1954 ല്‍ നിയോഗിച്ച കമ്മിറ്റി ഗൗരവമുള്ള കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. നീതീകരിക്കാനാകാത്ത മാർഗങ്ങള്‍ മിഷണറിമാർ മതം മാറ്റത്തിന് ഉപയോഗിക്കുന്നുവെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ട്. 19 ശിപാർശകളടങ്ങളടങ്ങിയ കമ്മിറ്റിയുടെ റിപ്പോർട്ട് മധ്യപ്രദേശ് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിസ്ത്യന് മതമേധാവികള്‍ ആ റിപ്പോർട്ടിന്റെ കോപ്പികള്‍ വിലക്ക് വാങ്ങി നശിപ്പിച്ചു’- പി.നാരായണന്‍ ലേഖനത്തില്‍ ആരോപിക്കുന്നു. ‘ഭൂരിപക്ഷ മതത്തിന് എതിരെ ആസൂത്രിത പ്രവർത്തനം നടത്തുന്നത് പൊതുസമാധാനത്തിന് ഭീഷണിയാണ്. ഭാരതത്തിന്റെ ക്രൈസ്തവ വത്കരണം പാശ്ചാത്യ മേധാവിത്വം കൊണ്ടുവരാനാണ്’ തുടങ്ങിയ ആരോപണങ്ങളും ലേഖനം ഉന്നയിക്കുന്നു. നൂറുശതമാനം ഹിന്ദുക്കള്‍ താമസിക്കുന്ന എറണാകുളത്ത് പോലും മതപരിവർത്തന ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പി പരമേശ്വരനെ പോലുളളവരാണ് അത് ചെറുത്തതെന്നും ലേഖനത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button