ജനസംഖ്യ 12.25 ലക്ഷം; പക്ഷെ ഒരേയൊരു റെയിൽവെ സ്റ്റേഷൻ മാത്രം: ഏതാണീ ഇന്ത്യൻ സംസ്ഥാനമെന്ന് അറിയാമോ?

ഐസ്‍വാൾ: ഇന്ത്യയിലെ തീവണ്ടി യാത്രകളിൽ പലപ്പോഴും യാത്രക്കാരെ മുഷിപ്പിക്കുന്ന കാര്യമാണ് ചെറിയ ഇടവേളയിലുള്ള സ്‌റ്റോപ്പുകള്‍. രണ്ടും മൂന്നും കിലോമീറ്റര്‍ വ്യത്യാസത്തിലുള്ള റെയില്‍വെ സ്‌റ്റേഷനുകള്‍ നമ്മുടെ കേരളത്തിലുമുണ്ട് ഒരുപാട്. ട്രെയിന്‍ സര്‍വീസ് പോലുമില്ലാത്ത സിക്കിമും സ്ഥിതിചെയ്യുന്നത് ഇതേ ഇന്ത്യയില്‍ത്തന്നെ. എന്നാല്‍ ഒരൊറ്റ റെയില്‍വേ സ്‌റ്റേഷന്‍ മാത്രമുള്ള സംസ്ഥാനവും നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെയൊരു സംസ്ഥാനമാണ് മിസോറാം. കോലസീബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ബൈരാബിയാണ് മിസോറാമിന്‍റെ ഏക റെയില്‍വെ സ്‌റ്റേഷന്‍. തലസ്ഥാനമായ ഐസ്‍വാളിൽ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മൂന്ന് പ്ലാറ്റ്ഫോം മാത്രമുള്ള ഈ കുഞ്ഞു സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. 84.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്രോഡ് ഗേജ് റെയില്‍വെ ലൈനുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വേ ലൈന്‍ വടക്കുകിഴക്ക് ഭാഗത്ത് അവസാനിക്കുന്ന ബൈരാബി, സംസ്ഥാനത്തെ 12 ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്കായുള്ള ഏക റെയില്‍വേ സ്‌റ്റേഷനാണ്. നാല് ട്രാക്കുകളുള്ള സ്റ്റേഷനില്‍ അവസാന നവീകരണപ്രവൃത്തി നടന്നത് 2016ലാണ്. ‘BHRB’ ആണ് ഈ സ്റ്റേഷന്‍റെ കോഡ്.പാസഞ്ചർ ട്രെയിനുകൾക്ക് പുറമെ ചരക്കു ഗതാഗതവും ഈ സ്‌റ്റേഷൻ കേന്ദ്രീകരിച്ചു തന്നെയാണു നടക്കുന്നത്. റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ ജനങ്ങളുടെ യാത്ര, ബിസിനസ് ആവശ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മറ്റൊരു റെയിൽവേ സ്റ്റേഷൻ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ എല്ലാ ജനങ്ങളും യാത്ര ചെയ്യാൻ ബൈരാബിയിൽ എത്തുന്നു.ഐസ്‍വാളിനെ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കാനുള്ള നിരവധി വികസന പദ്ധതികള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ഇതിന്‍റെ ഭാഗമായി ബൈരാബിയെ ഐസ്‍വാളിനടുത്തുള്ള സായ്രംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കാന്‍ 51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ലൈന്‍ 2384 കോടി രൂപ ചെലവില്‍ നിര്‍മിക്കും. എന്നാല്‍, മിസോറാമിന്റെ മലയോരമേഖലയും കുന്നിന്‍ചെരിവുകളും റെയില്‍വ വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
