NationalSpot light

വൃത്തിഹീനമായ ശുചിമുറിയും വാഷ്ബേസിനും; ദുര്‍ഗന്ധം നിറഞ്ഞ കോച്ചുകൾ: നരകതുല്യമായി ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ യാത്ര ഇന്ത്യയിൽ…

ദിസ്പൂര്‍: ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഏകദേശം 5000 കോടി‍ യാത്രക്കാരും 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. മറ്റ് ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറവാണ് ഭൂരിഭാഗം പേരെയും ട്രെയിൻ യാത്രയിലേക്ക് ആകര്‍ഷിക്കുന്നത്. ട്രെയിൻ യാത്ര തെരഞ്ഞെടുക്കുമ്പോൾ എപ്പോൾ എത്തുമെന്നും എത്ര മണിക്കൂര്‍ ലേറ്റാകുമെന്നും വേഗത, സീറ്റ് ലഭ്യത എന്നിവയെക്കുറിച്ച് നേരത്തെ അറിയാമെങ്കിലും ട്രെയിനിലെ ശുചിത്വത്തിന്‍റെ കാര്യത്തിൽ പ്രത്യേകിച്ച് ഗ്യാരണ്ടിയൊന്നുമുണ്ടാകില്ല. വൃത്തിയുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയരാറുണ്ട്. സിഎജി റിപ്പോർട്ട് പ്രകാരം 100,280 പരാതികളാണ് ട്രെയിനിലെ ശോചനീയാവസ്ഥയുമായും ശുചിമുറിയിലെ വെള്ളവുമായും ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്.അസ്സമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്ന് കന്യാകുമാരി വരെ സഞ്ചരിക്കുന്ന വിവേക് എക്സ്പ്രസ് വൃത്തിഹീനതയ്ക്ക് പേരുകേട്ട ട്രെയിൻ ആണ്. 4000 കിലോമീറ്റ‍ർ സഞ്ചരിക്കാൻ ഏകദേശം 75 മണിക്കൂർ സമയമെടുക്കും ഈ ട്രെയിൻ. അതായത് മണിക്കൂറിൽ 55 കിലോമീറ്ററിലും താഴെ വേ​ഗത്തിൽ മാത്രമാണ് ഇത് സഞ്ചരിക്കുന്നത്. 9 സംസ്ഥാനങ്ങളിലൂടെയാണ് വിവേക് എക്സ്പ്രസ് കടന്നുപോകുന്നത്. ടോയ്‌ലറ്റുകൾ മുതൽ വാഷ് ബേസിനുകൾ വരെ മാലിന്യം കൊണ്ടും ദുര്‍ഗന്ധത്താലും നിറഞ്ഞിരിക്കുകയാണെന്ന് ട്രാവൽ വ്ളോഗറായ ഉജ്ജ്വൽ സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ട്രെയിനിനുള്ളിൽ മണ്ണ് നിറഞ്ഞിരിക്കുന്നത് കാണിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ യാത്രക്കിടയിൽ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിര്‍വഹിക്കാനുള്ള സൗകര്യമില്ല. കൂടാതെ ദു​ർ​ഗന്ധവും വൃത്തിയില്ലായ്മയും കാരണത്താൽ ഈ ട്രെയിൻ യാത്രക്കാര്‍ക്ക് നരകതുല്യമായ യാത്രയാണ് സമ്മാനിക്കുന്നത്.സാധാരണക്കാരായ ജനങ്ങൾക്ക് മറ്റ് യാത്രാ മാര്‍ഗങ്ങൾ ഇല്ലെന്നറിഞ്ഞിട്ടും ടിക്കറ്റ് നിരക്ക് മാറ്റം വരുത്താൻ അധികാരികൾ ഇതുവരെ ശ്രമിച്ചിട്ടില്ല. ദുരിതപൂര്‍ണമായ യാത്രക്ക് മറ്റ് ട്രെയിനുകൾക്ക് സമാനമായ വിലയിലുള്ള ടിക്കറ്റെ‌ടുത്താണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. ആഡംബര യാത്രക്കായി വന്ദേ ഭാരതും രാജധാനി എക്സ്പ്രസ്സ് സുഖസൗകര്യങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ സർക്കാർ മറ്റ് ട്രെയിനുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ ചെലുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button