തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി; കയ്പമംഗലം സ്വദേശിക്ക് 5,000 രൂപ പിഴ

ഇരിങ്ങാലക്കുട: നഗരസഭ ഓഫിസ് പരിസരത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണ അവശിഷ്ടങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി.ജെ. തോമസ് നൽകിയ പരാതിയിലാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി. കഴിഞ്ഞമാസം 28ന് രാത്രി ഒമ്പതോടെ നഗരസഭ ഓഫിസിന്റെ പാർക്കിങ് ഷെഡിന് അടുത്ത് സ്കൂട്ടറിൽ വന്ന് പ്ലാസ്റ്റിക് ബക്കറ്റിൽനിന്ന് തെരുവ് നായ്ക്കൾക്ക് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീകുമാർ എന്ന വ്യക്തി ഭക്ഷണ അവശിഷ്ടങ്ങൾ നൽകിയതായി കാണിച്ചാണ് പരാതി നൽകിയത്. ഇയാളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സിന്ധു കല്യാണമണ്ഡപം പരിസരത്തും തുടരുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഏതാനും ദിവസം മുമ്പ് കനാൽ ബേസ് പരിസരത്ത് തെരുവുനായ് മൂന്നുപേരെ കടിച്ചതും മുനിസിപ്പൽ മൈതാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും തെരുവുനായ്ക്കൾ ഭീഷണി ആയി മാറിയതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാൾ ഭക്ഷണം തെരുവുനായ്ക്കൾക്ക് നൽകുന്നതിന്റെ ദൃശ്യങ്ങൾ നൽകാനും തയാറായാണെന്നും പരാതിയിൽ അഡ്വ. പി.ജെ. തോമസ് വ്യക്തമാക്കിയിരുന്നു. പരാതിക്കാരൻ നൽകിയ വാഹന നമ്പർ മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വണ്ടി ഉടമസ്ഥൻ കയ്പമംഗലം സ്വദേശി മനോഹരനാണ് പിഴ ചുമത്തി കൊണ്ട് നോട്ടീസ് നൽകിയത്. സ്കൂട്ടറിന് നിയമപരമായ രേഖകൾ ഒന്നും ഇല്ലെന്നും സൂചനയുണ്ട്. തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണാവിശഷ്ടങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
