Kerala

ഒമ്പത്‌ മാസത്തിനിടെ മരിച്ചത് 17 പേർ; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം:മുൻ വർഷങ്ങളേക്കാൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയാണ് രോഗികളെ പരിചരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വാദം. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കിണറുകൾ അടക്കം വൃത്തിയാക്കുന്ന നടപടികളിലേക്ക് സർക്കാർ സംവിധാനങ്ങൾ കടന്നു.ലോകത്ത് 99% മരണനിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24% ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. സംസ്ഥാനത്ത് കഴിഞ്ഞ 9 മാസത്തിനിടെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 17 പേർക്ക് ജീവൻ നഷ്ടമായി. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരാൾ കേരളത്തിൽ മാത്രമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധമായ ചികിത്സയിലൂടെ 17 വയസ്സുകാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ആരോഗ്യവകുപ്പിനായി. സങ്കീർണമായ അവസ്ഥയിലും ഫലപ്രദമായ ചികിത്സ നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി പറയുന്നു.സംസ്ഥാനത്ത് ഈ മാസം മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും ഉണ്ടായി. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു. ഇന്നലെയോടെ പഴയ കണക്കുകൾ തിരുത്തി. കിണറുകളും തോടും മറ്റും വൃത്തിയാക്കുന്ന നടപടികള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button