സിക്ക് ലീവ് ആവശ്യപ്പെട്ട് ബോസിന് മെസേജ് അയച്ചു; ലീവ് കിട്ടി 10 മിനിറ്റിനുള്ളില്‍ മരണം

ന്യൂഡല്‍ഹി: സിക്ക് ലീവ് ആവശ്യപ്പെട്ട് ബോസിന് മെസേജ് അയച്ച് പത്ത് മിനിറ്റിനുള്ളില്‍ ആരോഗ്യവാനായ 40 വയസുകാരന് മരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം. സംഭവത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കെ.വി അയ്യര്‍ എന്ന വ്യക്തിയാണ് ദുഃഖകരമായ വാര്‍ത്ത എക്സിലൂടെ പങ്കുവെച്ചത്.’ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശങ്കര്‍ രാവിലെ 8.37 ന് എനിക്ക് മെസേജ് അയച്ചു. കടുത്ത പുറം വേദനയുണ്ട്, ഇന്ന് ജോലിക്ക് വരാന്‍ കഴിയില്ല എന്നായിരുന്നു സന്ദേശം. ലീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം മെസേജുകള്‍ സ്ഥിരമായതിനാല്‍ റെസ്റ്റ് എടുക്കാന്‍ ഞാന്‍ പറഞ്ഞു. ഒരു പതിനൊന്ന് മണിയായപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. ഇപ്പോഴും അതിന്റെ ഞെട്ടലിലാണ് ഞാന്‍. വിളിച്ച വ്യക്തി എന്നോട് പറഞ്ഞത് ശങ്കര്‍ മരിച്ചുവെന്ന വിവരമാണ്. ആദ്യം എനിക്ക് അത് വിശ്വസിക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞാന്‍ മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ച് ശങ്കറിന്റെ അഡ്രസ് വാങ്ങി. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അദ്ദേഹം മരിച്ചുവെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു,’ അയ്യര്‍ പറഞ്ഞു. തന്റെ ടീമിനൊപ്പം ശങ്കര്‍ ഏകദേശം ആറ് വര്‍ഷമായിട്ട് ഉണ്ട്. വെറും 40 വയസ് മാത്രമാണ് പ്രായം. വളരെ ആരോഗ്യവാനും ഫിറ്റായ വ്യക്തിയുമാണ് അദ്ദേഹം. ഇതുവരെ പുകവലിക്കുകയോ മദ്യാപാന ശീലമോ ഇല്ലാത്ത വ്യക്തിയാണെന്നും അയ്യര്‍ കുറിച്ചു. ” ജീവിതം പ്രവചനാതീതമാണ്. ചുറ്റുമുള്ള മനുഷ്യരോട് സഹാനൂഭൂതിയുള്ളവരായിരിക്കണം. സന്തോഷത്തോടെ ജീവിക്കൂ. കാരണം അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. നമ്മള് ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും സംഭവിക്കുക,’അയ്യര്‍ പോസ്റ്റില്‍ കുറിച്ചു.
