Sports

ഓപറേഷൻ സൂര്യ; പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ

ദുബൈ: ഏഷ്യകപ്പിൽ പാകിസ്താനെ അനായാസം കീഴടക്കി ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 47 റൺസെടുത്ത നായകൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 128 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപണർ അഭിഷേക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 13 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 31 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ഏഴ് പന്തിൽ 10 റൺസെടുത്ത് ശുഭ്മാൻ ഗില്ലും മടങ്ങി. സയിം അയ്യൂബാണ് രണ്ടുപേരെയും മടക്കിയത്. തുടർന്ന് ക്രീസില് നിലയുറപ്പിച്ച തിലക് വർമയും സൂര്യകുമാർ യാദവ് ചേർന്ന് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു. ടീം സ്കോർ 97ൽ നിൽക്കെയാണ് തിലക് വീഴുന്നത്. 31 റൺസെടുത്ത തിലകിന്റെ വിക്കറ്റും സയിം അയ്യൂബിന് തന്നെയായിരുന്നു. പിന്നീട് എല്ലാം എളുപ്പമായിരുന്നു. സിക്സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചാണ് നായകൻ കളം വിട്ടത്. 37 പന്തിൽ 47 റൺസെടുത്ത സൂര്യകുമാറും ഏഴു പന്തിൽ 10 റൺസെടുത്ത ശിവം ദുബെയും പുറത്താകാതെ നിന്നു. നേരത്തെ, ഫൈ​ന​ലി​നേ​ക്കാ​ൾ ആ​കാം​ക്ഷയും വീറും നി​റ​ഞ്ഞൊ​രു മ​ത്സ​രത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപണർ സയിം അയ്യൂബിനെ (0) ഹാർദിക് പാണ്ഡ്യ ബുംറയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഹാരിസിനെ (3) പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറയും ഉദ്ദേശ്യം വ്യക്തമാക്കി. തുടർന്നെത്തിയ ഫഖർ സമാനൊപ്പം ഫർഹാൻ സ്കോർ പതിയെ ഉയർത്തി തുടങ്ങി. 45ൽ നിൽക്കെ ഫഖർ സമാനെയും (17) പാകിസ്താന് നഷ്ടമായി. അക്ഷർ പട്ടേലിന്റെ പന്തിൽ തിലക് വർമക്ക് ക്യാച്ച് സമ്മാനിച്ചാണ് ഫഖർ മടങ്ങിയത്. നായകൻ സൽമാൻ ആഗയും (3) പട്ടേലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ പാക് നില പരുങ്ങലിലായി. തുടർന്നങ്ങോട്ട് കുൽദീപിന്റെ സമയമായിരുന്നു. ഹസൻ നവാസിനെ (5) അക്ഷറിന്റെ കൈകളിലെത്തിച്ച കുൽദീപ് യാദവ് അകൗണ്ട് തുറക്കും മുൻപ് മുഹമ്മദ് നവാസിനെ എൽ.ബിയിൽ കുരുക്കി. ഒരറ്റത്ത് ഉറച്ച് നിന്നിരുന്ന ഓപണർ സാഹിബ്‌സാദ ഫർഹാനെയും (40) കുൽദീപ് മടക്കിയയച്ചു. 11 റൺസെടുത്ത ഫഹീം അഷ്റഫിനെ വരുൺ എൽ.ബിയിലൂടെ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ഷഹീൻ ഷാ സിക്സറിച്ചാണ് തുടങ്ങിയത്. സുഫിയാൻ മുഖീമിനെ കൂട്ടുപിടിച്ച് ഷഹീൻ സ്കോർ 100 കടത്തി. 10 റൺസെടുത്ത മുഖീമിനെ ബുംറ ക്ലീൻ ബൗൾഡാക്കി. എന്നാൽ അവസാന ഓവറിലും ആഞ്ഞടിച്ച് ഷഹീൻ അഫ്രീദി പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. 16 പന്തുകൾ നേരിട്ട ഷഹീൻ നാല് സിക്സറുൾപ്പെടെ 33 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button