എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത്, പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

‘
താൻ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചതെന്നും പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയില്ല. നിയമസഭക്കെത്തിയതായിരുന്നു രാഹുൽ.
ആരോപണം വന്ന ദിവസം വിശദമായി മാധ്യമങ്ങളെ കണ്ട ആളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. സസ്പെൻഷൻ കാലാവധിയിലുള്ള ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് തനിക്കറിയാം. ഒരു നേതാവിനെയും കാണാൻ വ്യക്തിപരമായി ശ്രമിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരാണ് അന്വേഷിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം നിയമസഭക്കെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
