ഭാര്യയുടെ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മദ്യപിക്കുന്നതിനിടെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവ് പിടിയില്‍

മുംബൈ: ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ ഗോരേഗാവിലുള്ള ആരേ കോളനിയിലാണ് സംഭവം. വികാസ് അശോക് ഭുസാരെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭീംരാജ് ഓംപ്രകാശ് ശർമ്മ (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. തന്റെ ഭാര്യയുമായി വികാസിന് ബന്ധമുണ്ടെന്ന് ഭീംരാജ് സംശയിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനായി വികാസിനെ ഭീംരാജ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ഭീംരാജും ഭാര്യയും വികാസും ഒരുമിച്ചിരുന്ന് മദ്യപിച്ചു.മദ്യപാനത്തിനിടയിൽ വികാസിനോട് തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഇനി കാണരുതെന്നും ഭീംരാജ് മുന്നറിയിപ്പ് നൽകി. ഇതിനിടയിലുണ്ടായ തർക്കത്തിനൊടുവിൽ, ഭാര്യയുടെ സാന്നിധ്യത്തിൽ തന്നെ ഭീംരാജ് കത്തിയെടുത്ത് വികാസിന്റെ കഴുത്തറുക്കുകയായിരുന്നു.കൃത്യം നടത്തിയ ശേഷം ഭീംരാജ് അടുത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആരേ പൊലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. കാടിനുള്ളിൽ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.ഭീംരാജ് ശർമ്മയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button