പെട്രോള്‍ അടിച്ച ശേഷം വലിയ തുക പമ്പിന്റെ അക്കൗണ്ടിലേക്ക്: പെട്രോള്‍ പമ്പുകള്‍ മുഖേന കുഴല്‍പ്പണ ഇടപാടിന് നീക്കമെന്ന് പരാതി

കോഴിക്കോട്: പെട്രോള്‍ പമ്പുകള്‍ മുഖേന കുഴല്‍പ്പണ ഇടപാടിന് നീക്കമെന്ന് പരാതി.പെട്രോള്‍ അടിച്ച ശേഷം വലിയ തുക പമ്പിന്റെ അക്കൗണ്ടിലേക്ക്‌ സ്കാനർ മുഖേന അയക്കുകയും തെറ്റിപ്പോയതാണെന്ന് പറഞ്ഞ് ബാക്കി തുക പമ്പില്‍ നിന്ന് തിരികെ വാങ്ങുന്നതുമാണ് രീതി. തട്ടിപ്പ് സംഘത്തിൽപ്പെട്ടവർ പമ്പുകളിൽ എത്തി ചെറിയ തുകയ്ക്ക് (ഉദാഹരണത്തിന് 500 രൂപയ്ക്ക്) പെട്രോൾ അടിക്കുന്നു. പണം ഡിജിറ്റലായി അടയ്ക്കാനെന്ന വ്യാജേന പമ്പിലെ യുപിഐ ക്യുആർ കോഡിന്റെ ഫോട്ടോ എടുക്കുന്നു. ഈ ചിത്രം രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ കൂട്ടാളികൾക്ക് അയച്ചുകൊടുക്കുന്നു. അവിടെ നിന്ന് ഈ പമ്പ് അക്കൗണ്ടിലേക്ക് വലിയ തുകകൾ (40,000 അല്ലെങ്കിൽ 50,000 രൂപ) ഒരുമിച്ച് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. തുടർന്ന് പമ്പുടമയോട് 500 രൂപയ്ക്ക് പകരം അബദ്ധത്തിൽ വലിയ തുക അയച്ചുപോയതാണെന്ന് പറഞ്ഞ്, പെട്രോൾ അടിച്ച തുക കഴിച്ച് ബാക്കി തുക മുഴുവൻ പമ്പിൽ നിന്ന് പണമായി തിരികെ വാങ്ങുന്നു. സംശയാസ്പദമായ ഇടപാടെന്ന് പറഞ്ഞ് പല പമ്പുകളുടെയും അക്കൗണ്ട്‌ ഫ്രീസ് ആയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മലപ്പുറത്തെ പെട്രോള്‍ പമ്പുടമകളുടെ പരാതിയില്‍ മലപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം പത്തിലധികം പമ്പുകൾക്ക് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമാവുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തപ്പോഴാണ് പമ്പുടമകൾ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്നതും തട്ടിപ്പ് പുറത്തറിയുന്നതും. മുമ്പ് വിദ്യാർത്ഥികളുടെയും മറ്റും അക്കൗണ്ടുകൾ കമ്മീഷൻ നൽകി വാങ്ങി ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന സംഘങ്ങൾ, പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് പെട്രോൾ പമ്പുകളെ ലക്ഷ്യമിടാൻ തുടങ്ങിയത്. പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ചിലർ ഇതിനകം കസ്റ്റഡിയിലുണ്ടെന്നുമാണ് സൂചന. പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button