പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ബി ബി എ വിദ്യാര്‍ഥി റിമാന്‍ഡിൽ
കൊച്ചി | എറണാകുളം ഭാരത് മാതാ കോളേജില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബി ബി എ വിദ്യാര്‍ഥിയായ ശ്രീഹരിയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കര എ സി പിയാണ് മേല്‍നോട്ടം വഹിക്കുക.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും കോളേജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു പൂര്‍വ്വ വിദ്യാര്‍ഥിയാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ഉടന്‍ പരാതി പോലീസിന് കൈമാറിയതായും കോളേജ് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോളേജ് അധികൃതര്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.
അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കൂടുതല്‍ കണ്ണികള്‍ തേടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.





