അഭ്യൂഹങ്ങൾക്ക് വിരാമം; തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടു
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചു. ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സ്വീകരിച്ചതായി പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നപ്പോൾ ബിജെപിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നാലു സീറ്റുകളിൽ നിന്ന് ഇത്തവണ കേവലം ഒരു സീറ്റിലേക്ക് പാർട്ടി ചുരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ അണ്ണാമലൈ ഇടംപിടിക്കാതിരുന്നതു മുതൽ പാർട്ടി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡൽഹിയിലെത്തി മുതിർന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ബിജെപി വിട്ടതോടെ അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ചർച്ചകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്. പുതിയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, “ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനുള്ളിൽ അറിയാമെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. 2020-ൽ ബിജെപിയിൽ ചേർന്ന അണ്ണാമലൈ, തൊട്ടടുത്ത വർഷം തന്നെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായി ചുമതലയേറ്റിരുന്നു.





