Sports

സിക്‌സറടിച്ച് തകർപ്പൻ തുടക്കം, യുഎഇയുടെ വിജയലക്ഷ്യം 4.3 ഓവറിൽ അടിച്ചെടുത്ത് ഇന്ത്യ

ദുബായ്: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം. യുഎഇ വിജയലക്ഷ്യമായ 58 റൺസ് 4.3 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 16 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 30 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്‌കോറർ. നേരിട്ട ഇന്ത്യൻ ഇന്നിങ്‌സിലെ ആദ്യ പന്തുതന്നെ സിക്‌സർ പറത്തിയാണ് അഭിഷേക് തുടങ്ങിയത്. സഞ്ജു സാംസണ് പകരം ഓപ്പണിങ് റോളിൽ ഇറങ്ങിയ ശുഭ്മാൻ ഗില്ലും(9 പന്തിൽ 20) മികച്ച പിന്തുണ നൽകി. സൂര്യകുമാർ യാദവ് രണ്ട് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പവർപ്ലെയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്ത ആതിഥേയർ പിന്നീട് ഇന്ത്യൻ സ്പിൻ ആക്രമണത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. മലയാളി താരം അലിഷാൻ ഷറഫുവാണ്(17 പന്തിൽ 22) യുഎഇ നിരയിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 പന്തിൽ 19 റൺസെടുത്തു. ഇരുവരും മാത്രമാണ് യുഎഇ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റുമായി ടി20യിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി. ശിവം ദുബെ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുമ്രയും അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button