മുത്തച്ഛനില്‍ നിന്ന് പിതാവിന് ഭാഗം കിട്ടിയ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: മുത്തച്ഛനില്‍ നിന്ന് പിതാവിന് കിട്ടുന്ന സ്വത്തില്‍ പേരക്കുട്ടികള്‍ക്ക് ജന്മാവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി. കുടുംബ വിഭജനത്തിലൂടെ പിതാവിന് ലഭിക്കുന്ന സ്വത്ത് വ്യക്തിഗത സ്വത്തായി മാറുമെന്നും അത് ജോയിന്റ് ഫാമിലി സ്വത്തായി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ജനനം കൊണ്ട് മാത്രം പേരക്കുട്ടികള്‍ക്ക് ജന്മാവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മശിഹ്, ജസ്റ്റിസ് സുനിത അഗര്‍വാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 1956ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം, മുത്തച്ഛന്റെ മരണശേഷം സ്വത്ത് വിഭജിച്ചു കിട്ടുന്ന പിതാവ് അതിന്റെ പൂര്‍ണ അവകാശിയായി മാറും. അതില്‍ മക്കള്‍ക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് ആവര്‍ത്തിച്ചു. കുടുംബവിഭജനത്തിലൂടെ മുത്തച്ഛനില്‍ നിന്ന് പിതാവിന് ലഭിച്ച സ്വത്തില്‍ പകുതി ഓഹരിക്ക് തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മകന് നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത മകന് അമ്മ മുഖേനയാണ് കോടതിയെ സമീപിച്ചത്. കുടുംബസ്വത്തില്‍ തനിക്ക് അവകാശമുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. 1997ലാണ് പ്രസ്തുത ഹരജി ഫയല്‍ ചെയ്തത്. മുത്തച്ഛന്റെ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ പിതൃസഹോദരി കേസ് നല്‍കിയിരുന്നു. 1994ല്‍ ഇത് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമിയുടെ ഒരു ഭാഗം പിതാവിന് ലഭിച്ചു. പിന്നീട് ഈ ഭൂമി മറ്റു രണ്ട് വ്യക്തികള്‍ക്ക് പിതാവ് വില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. നേരത്തെ, മദ്രാസ് ഹൈക്കോടതിയും സുപ്രിംകോടതിയുടെ അതേ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പരാതിക്കാരന് അപ്പീല്‍ സമര്‍പ്പിച്ചത്.





