അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും എവിടെ? പ്രതികളുടെ മൊഴിയിൽ ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പ്രതികൾ ഒളിപ്പിച്ച ഫോണും കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.എന്നാൽ ബെൽറ്റും ഫോണും എവിടെയാണ് ഒളിപ്പിച്ചതെന്ന കാര്യത്തിൽ പ്രതികൾ കൃത്യമായ മറുപടി നൽകുന്നില്ല. കള്ളമൊഴികൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതികൾ ശ്രമിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയേക്കും.





