വേട്ടയാടാൻ പോയ സംഘം മദ്യപിച്ചു, മാനെന്ന് കരുതി ഒപ്പമുള്ള യുവാവിനെ വെടിവെച്ചു കൊന്നു; രണ്ടുപേർ അറസ്റ്റിൽ

കോയമ്പത്തൂർ: മദ്യപിച്ച് വേട്ടയാടാൻ വനത്തിൽ കയറിയ സംഘം മാൻ ആണെന്ന് കരുതി സംഘാംഗമായ ബന്ധുവിനെ വെടിവെച്ചുകൊന്നു. കാരമടൈ ഫോറസ്റ്റ് റേഞ്ചിലെ സുരണ്ടെമലൈ സ്വദേശിയായ സഞ്ജിത്ത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പില്ലൂർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജിത്തിന്റെ ബന്ധുവായ കുണ്ടൂർ സ്വദേശി കെ. പ്രവീൺ എന്ന മുരുകേശൻ (37), വെള്ളിയാങ്കാടിനടുത്തുള്ള അൻസൂരിലെ പപ്പയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളും പ്രതികളും നാടൻ തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ കാട്ടിലേക്ക് പോയതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാട്ടിലെത്തിയ മൂവരും മദ്യപിച്ചതായും തുടർന്ന് സഞ്ജിത്തും പപ്പയ്യനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് പറയുന്നു. പപ്പയ്യനാണ് വെടിവെച്ചത്. വയറിലും നെഞ്ചിലും അഞ്ച് വെടിയുണ്ടകൾ ഏറ്റ സഞ്ജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാൻ ആണെന്ന് കരുതിയാണ് വെടിവെച്ചതാണെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭവാനി നദിക്ക് സമീപം സഞ്ജിത്തിന് വെടിയേറ്റതായി പ്രവീണാണ് സഞ്ജിത്തിന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചത്. കുടുംബം സ്ഥലത്തെത്തിയപ്പോൾ സഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതികൾ രണ്ടുപേരും ഒളിവിൽ പോയിരുന്നു. തുടർന്ന് പില്ലൂർ ഡാം പൊലീസിനെ വിവരം അറിയിച്ചു. വീട്ടിൽ അമിതമായി മദ്യപിച്ച നിലയിലാണ് പ്രവീണിനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
