ദിവസവും ഒരു പിടി നിലക്കടല; തലച്ചോറിന് വലിയ ഗുണം, ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം
ദിവസവും നിലക്കടല കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? ഓർമശക്തി നിലനിർത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഉപ്പില്ലാത്ത വറുത്ത നിലക്കടല പതിവായി കഴിക്കുന്നത് ഓർമയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളിൽ ഇൻസുലിൻ പ്രവർത്തനത്തെ അനുകൂലമായി സ്വാധീനിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രായമാകുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനക്ഷമതയിലുണ്ടാകുന്ന മാറ്റങ്ങളെ ഭക്ഷണത്തിലൂടെ ഒരു പരിധിവരെ സ്വാധീനിക്കാനാകുമെന്ന സൂചന കൂടിയാണിത്. 60നും 75നും ഇടയിൽ പ്രായമുള്ള 31 ആരോഗ്യവാന്മാരായ മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നെതർലാൻഡ്‌സിലെ മാസ്ട്രിച് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.16 ആഴ്ചക്കാലം ഇവർ ദിവസവും 60 ഗ്രാം ഉപ്പില്ലാത്ത, തൊലിയോടുകൂടിയ വറുത്ത നിലക്കടല കഴിച്ചു. തുടർന്ന് എട്ടാഴ്ച ഇടവേളക്കുശേഷം കപ്പലണ്ടി ഒഴിവാക്കിയുള്ള ഘട്ടവും പഠനത്തിന്റെ ഭാഗമായി. രണ്ട് ഘട്ടങ്ങളിലും തലച്ചോറിലെ മാറ്റങ്ങൾ എം.ആർ.ഐ പരിശോധനയിലൂടെ വിലയിരുത്തി. കഴിച്ച ഘട്ടത്തിൽ ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസ് ഉൾപ്പെടെയുള്ള തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ഇൻസുലിൻ പ്രതികരണവുമായി ബന്ധപ്പെട്ട രക്തപ്രവാഹ മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി. തലച്ചോറിലെ നാഡീകോശങ്ങളുടെ വളർച്ചക്കും പരസ്പര ആശയവിനിമയത്തിനും ഓർമശക്തിക്കും ഇൻസുലിൻ പ്രധാനമാണ്. 16 ആഴ്ച ദിവസവും 60 ഗ്രാം നിലക്കടല കഴിച്ചവരിൽ തലച്ചോറിലേക്കുള്ള മൊത്തം രക്തപ്രവാഹം 3.6 ശതമാനം വർധിച്ചു. വാക്കുകൾ ഓർത്തെടുക്കാനുള്ള ശേഷിയിൽ 5.8 ശതമാനം പുരോഗതിയും രേഖപ്പെടുത്തി. എന്നാൽ പ്രവർത്തനശേഷിയിലും ശരീരത്തിന്റെ ചലനപ്രതികരണ വേഗത്തിലും സമാനമായ പുരോഗതി കണ്ടെത്തിയിട്ടില്ല. അപൂരിത കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പോളിഫിനോൾ പോലുള്ള സസ്യസംയുക്തങ്ങൾ എന്നിവ കപ്പലണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും നാഡീകോശങ്ങളുടെ ആരോഗ്യത്തെയും പിന്തുണക്കാൻ സഹായിച്ചേക്കാം. നിലക്കടയിലെ പോഷകഘടകങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിൽ പങ്കുവഹിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.





