വിശപ്പും ദാഹവും അകറ്റണം, പക്ഷേ രോഗങ്ങൾ വാങ്ങിക്കൂട്ടരുത്; മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ശ്രദ്ധിക്കാം
മഴക്കാലത്ത് മലിനജലത്തിലൂടെ രോഗം പടർന്നുപിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെയും കഴിക്കുന്ന ഭക്ഷണത്തിലൂടെയുമാണ് പല രോഗങ്ങളും പടർന്നുപിടിക്കുന്നത്. വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കലർന്നും ഭക്ഷണത്തിൽ ബാക്ടീരിയകളും ഫംഗസും കലർന്നുമാണ് രോഗങ്ങൾ പടരുന്നത്. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് എന്നിവയെല്ലാം വർധിക്കുന്ന സമയമാണിത്. അതിനാൽ അണുബാധ, ഭക്ഷ്യവിഷബാധ എന്നിവയ്ക്കുള്ള സാധ്യതയും ഇവ കൂട്ടുന്നു. അതിനാൽ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെയേറെ ശ്രദ്ധ അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.കുടിവെള്ളം, ശീതളപാനീയങ്ങൾ മഴക്കാലത്ത് വെള്ളം സുലഭമാണെങ്കിലും കുടിക്കുമ്പോൾ ഒരു കരുതൽ വേണം. വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ പോലും മാലിന്യം കലരാൻ സാധ്യത കൂടുതലാണ്. വെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക. പുറത്തിറങ്ങുമ്പോൾ ഇതിൽ ഒരു വിട്ടുവീഴ്ചയും അരുത്. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് കുടിക്കുന്നതും ഒഴിവാക്കണം. ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത്യാവശ്യമാണെങ്കിൽ മാത്രം വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽ നിന്ന് കഴിക്കുക. വൃത്തിഹീനമായി തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമായ ശീതളപാനീയങ്ങൾ മാരക രോഗങ്ങൾക്കും ദഹനപ്രശ്നങ്ങൾക്കും ഇടയാക്കും. സാലഡ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് വിവിധ തരം സാലഡുകൾ. എന്നാൽ നന്നായി കഴുകിയില്ലെങ്കിൽ ഇവയിലെ കീടാണുക്കൾ നമുക്ക് പണിതരും. വയറ്റിൽ അണുബാധയ്ക്കും ഷിഗല്ല, മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾക്കും ഇത് ഇടയാക്കും. മഴക്കാലത്ത് പച്ചക്കറികൾ മലിനമാകാൻ സാധ്യത കൂടുതലാണ്. അതിനാൽ പച്ചക്കറികൾ വൃത്തിയായി കഴുകി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാലഡ് കഴിക്കാവൂ. ഇവ മഴക്കാലത്ത് പുറത്തുനിന്ന് കഴിക്കാത്തതാണ് ഉത്തമം. കഴിക്കുകയാണെങ്കിൽ അവയുടെ ശുചിത്വം ഉറപ്പാക്കണം. വയറിനുണ്ടാകുന്ന അണുബാധകൾ ഒഴിവാക്കാൻ മഴക്കാലത്ത് വേവിക്കാത്ത പച്ചക്കറികൾ കൊണ്ടുള്ള സാലഡുകൾക്ക് പകരം, പച്ചക്കറികൾ കുറച്ചെങ്കിലും വേവിച്ച ശേഷം കഴിക്കാൻ ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. പഴകിയ ഭക്ഷണം പഴകിയ ഭക്ഷണം കഴിക്കുന്നത് ഇന്ന് ഒരു ട്രെൻഡാണ്. എന്നാൽ ഇതിനു പിന്നിലും അപകടം പതിയിരിക്കുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയുണ്ടാക്കും. ഭക്ഷണം പാകം ചെയ്തത് കൂടുതലാണെന്ന് തോന്നുന്നുവെങ്കിൽ, വിളമ്പുന്നതിന് മുൻപ് ബാക്കിവന്നത് മാറ്റി സുരക്ഷിതമായ പാത്രത്തിൽ അടച്ചുവെക്കുക. ഉപയോഗിച്ച ഭക്ഷണത്തിന്റെ ബാക്കി അടുത്ത ദിവസം ഉപയോഗിക്കരുത്. ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് പൂർണമായും റൂം ടെമ്പറേച്ചറിലേക്ക് മാറ്റിയ ഭക്ഷ്യവസ്തുക്കൾ വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. കഴിയുന്നതും അതാത് സമയങ്ങളിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക. തൈര്, മോര്, ചട്ണി ആഹാരത്തിനൊപ്പം തൈര്, മോര്, ചട്ണി എന്നിവ ഇന്ന് നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്. എന്നാൽ മഴക്കാലത്ത് ഇത് കഴിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കണം; പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകിച്ചും. വീടുകളിലും ഇവ രണ്ടും മൂന്നും ദിവസം വെച്ച് ഉപയോഗിക്കാറുണ്ട്. മഴക്കാലത്ത് ഇത് ഒഴിവാക്കണം. മോര്, തൈര് എന്നിവ അധികം പുളിയുള്ളത് കഴിക്കരുത്. ഇതിൽ ബാക്ടീരിയ സാന്നിധ്യം കൂടുതലായിരിക്കും. ഇത് ദഹനപ്രശ്നത്തിന് ഇടയാക്കും. ഇലക്കറികൾ ചീര, കാബേജ് തുടങ്ങിയ ഇലക്കറികളെല്ലാം തന്നെ പോഷകസമ്പുഷ്ടമാണ്. പക്ഷേ, മഴക്കാലത്ത് ഈർപ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ അവ നന്നായി കഴുകിയശേഷം പാചകം ചെയ്യാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലക്കറികൾ പച്ചയ്ക്ക് കഴിക്കാതെ വേവിച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കട്ട് ഫ്രൂട്സ് ഇന്ന് ഭക്ഷണശാലകളിലെല്ലാം കട്ട് ഫ്രൂട്സ് (പഴങ്ങൾ മുറിച്ചുവെച്ചത്) സുലഭമാണ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. എന്നാൽ നേരത്തെ മുറിച്ചുവെച്ച പഴക്കഷണങ്ങൾ മഴക്കാലത്ത് വാങ്ങിക്കഴിക്കരുത്. അവ ഏറെ നേരം തുറന്നുവെച്ചതായിരിക്കും. ഇങ്ങനെ മുറിച്ചുവെച്ച പഴക്കഷണങ്ങൾ ഈച്ചകളുടെയും ബാക്ടീരിയകളുടെയും കേന്ദ്രമാകും. പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി മാത്രം മുറിച്ചു കഴിക്കാൻ ശ്രദ്ധിക്കുക. ഫ്രോസൺ മീറ്റ്ഫ്രോസൺ മീറ്റ് (ശീതീകരിച്ച മാംസം) ഉപയോഗിക്കുമ്പോൾ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം. ശരിയായ രീതിയിൽ ഡീഫ്രോസ്റ്റ് ചെയ്യാനും (തണുപ്പ് മാറ്റാനും) പാകം ചെയ്യാനും ശ്രദ്ധിക്കണം. റഫ്രിജറേറ്ററിൽ വെച്ച് മാത്രം മാംസം ഡീഫ്രോസ്റ്റ് ചെയ്യുക. പുറത്തുവെച്ചോ ചൂടുവെള്ളത്തിലോ ഇത് ചെയ്യരുത്. ഫ്രീസ് ചെയ്ത മാംസം റൂം ടെമ്പറേച്ചറിലേക്ക് മാറ്റിയ ശേഷം വീണ്ടും ഫ്രീസ് ചെയ്യരുത്. ഉടൻ പാകം ചെയ്ത് ഉപയോഗിക്കണം. വീണ്ടും ഫ്രീസറിൽ വെക്കുന്നത് ബാക്ടീരിയ വളരാൻ കാരണമാകും





