
റായ്പൂര്‍: വിവാഹ സമ്മാനം എന്ന വ്യാജേന നവവരന് സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന് ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ഏകദേശം രണ്ട് കിലോഗ്രാമോളം സ്ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. വരനെ കൊലപ്പെടുത്താൻ വേണ്ടിയാണ് പ്രതികൾ ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തത്. ആഗസ്ത് 15ന് ഖൈരഗഡ്-ചുയിഖദൻ-ഗണ്ഡായി ജില്ലയിലെ മാൻപൂർ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ഒരു കട നടത്തുന്ന ഇലക്ട്രീഷ്യനായ അഫ്സര്‍ ഖാനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവം നടക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് ഖാന് ഒരു പാഴ്സൽ ലഭിച്ചു. തപാൽ വകുപ്പിന്റെ വാജ ലോഗായോടു കൂടിയതായിരുന്നു പാഴ്സൽ. എന്നാൽ സമ്മാനം അയച്ചയാളുടെ പേര് വിവരങ്ങളോ മേൽവിലാസമോ പാഴ്സലിലുണ്ടായിരുന്നില്ല. പാഴ്സലിന് സാധാരണയെക്കാൾ കൂടുതൽ ഭാരം തോന്നിയ ഖാൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ ടീം (ബിഡിഡിഎസ്) സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മുഖ്യപ്രതിയായ വിനയ് വർമ ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമാണ്. ബോംബുകൾ എങ്ങനെ നിർമിക്കാമെന്നും എങ്ങനെ പൊലീസിന്റെ കണ്ണ് വെട്ടിക്കാമെന്നും വര്‍മ ഗൂഗിളിൽ തിരഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഓൺലൈൻ ട്യൂട്ടോറിയലുകളുടെ സഹായത്തോടെയാണ് വർമ മ്യൂസിക് സിസ്റ്റത്തിനുള്ളിൽ ബോംബ് വച്ചത്. താൻ പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പൊലീസ് തന്നെ കണ്ടെത്തിയപ്പോൾ ഞെട്ടിപ്പോയെന്നും വർമ പൊലീസിനോട് പറഞ്ഞു.അഫ്സര്‍ ഖാൻ വിവാഹം കഴിക്കുന്ന യുവതിയെ തനിക്കിഷ്ടമാണെന്നും സ്കൂൾ കാലം തൊട്ടേ പ്രണയം ആയിരുന്നുവെന്നും വര്‍മ പറഞ്ഞു. വിവാഹത്തിന് മുന്‍പ് പ്രതി തനിക്ക് ശല്യമായിരുന്നെന്നും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ അഫ്സര്‍ ഖാന് മുന്നറിയിപ്പും നല്‍കിയിരുന്നു.
