മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റി ബൈക്കിൽ കറങ്ങുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി കോളേജിൽ താത്ക്കാലികമായി ജോലി നോക്കുന്ന ജീവനക്കാരനായ ദീപക് മഹോവറാണ് മരിച്ചത്.
ഇയാൾ സ്ഥലത്തെ പാമ്പുപിടിക്കാരനായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ പാമ്പുകളെ പിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപപ്രദേശത്ത് നിന്ന് പിടിച്ച മൂർഖൻ പാമ്പിനെ ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഇയാൾ. മക്കളെ സ്കൂളിൽ കൊണ്ടുവിടാനായി പോകുമ്പോഴാണ് പാമ്പിനെ മാലപോലെ കഴുത്തിൽചുറ്റിയത്. തുടർന്ന് ബൈക്കിൽ പോകവെ ദീപകിന് കടിയേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ സുരക്ഷിതരാണെന്നാണ് വിവരം.
