ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽ പെട്ട് അറ്റു

കോഴിക്കോട്: ട്രെയിനിന്‍റെ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപെട്ട് അറ്റു. പാലക്കാട്-കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരനാണ് പരിക്കേറ്റത്.സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ കാൽ കോഴിക്കോട് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ വെച്ച് പ്ലാറ്റ്ഫോമിൽ തട്ടുകയായിരുന്നു. വിരലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് അറ്റതോടെ രക്തമൊഴുകി. തുടർന്ന് ആർ.പി.എഫുകാരെ വിവരമറിയിച്ചു. ട്രെയിൻ തൊട്ടടുത്ത എലത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരുന്ന് അപകടകരമായ വിധത്തിൽ യാത്രചെയ്ത് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ജൂൺ ആദ്യം പരശുറാം എക്സ്പ്രസിൽ സ്റ്റെപ്പിൽ കാലുകൾ പുറത്തേക്കിട്ട് ഇരുന്ന് യാത്രചെയ്തയാളുടെ കാലിന് പ്ലാറ്റ്ഫോമിനിടയിൽ കുടുങ്ങി സാരമായ പരിക്കേറ്റിരുന്നു. ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
