Kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലെ സ്കൂളിലും കാൽകഴുകൽ; വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യി പ്പിച്ചു

കണ്ണൂര്‍: കാസർകോടിന് പിന്നാലെ കണ്ണൂരിലും സംഘപരിവാർ നിയന്ത്രണത്തിലുള്ള സ്കൂളിൽ പാദ പൂജ വിവാദം. കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് വിദ്യാർഥികളെ കൊണ്ട് പൂർവധ്യാപകന്‍റെ പാദ പൂജ ചെയ്യിപ്പിച്ചത്. കാസർകോട് ബന്തടുക്ക സ്കൂളിലെ പാദപൂജ വിവാദത്തിൽ അടിയന്തര റിപ്പോർട്ട് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.ഗുരുപൂർണിമ ദിനത്തിന്‍റെ ഭാഗമായി ആയിരുന്നു കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെ പാദപൂജ. ഈ സ്കൂളിലെ അധ്യാപകരാണ് ശ്രീകണ്ഠപുരത്തെ ഒരു പ്രമുഖ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകന്‍റെ കാൽ കഴുകിയത്. തുടർന്ന് വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.കാസർകോട് ബന്തടുക്കയിലും ഗുരുപൂർണിമ ദിനത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായിരുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലായിരുന്നു പാദ പൂജ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായും ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.ഗുരുപൂർണിമ ദിനത്തിന്‍റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചിരുന്നുവെന്നും ഇതിന്‍റെ ഭാഗമായിട്ടായിരുന്നു പാദപൂജ എന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്നും ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ പാദപൂജ നടത്തുന്നത് ഇതിന്‍റെ തെളിവാണെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി. വിദ്യാർഥികളെകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിക്കരുത് എന്ന് കോടതി വിധിയുണ്ട്. പുരോഗമന സമൂഹത്തിന് ചേർന്നതല്ല നടപടി. വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് കേരളത്തെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button