അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകളല്ല’; സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി

‘
കൊച്ചി: . കേരളത്തിൽ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓര്‍മപ്പെടുത്തൽ. അവശ്യ സേവനങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഉത്തരവ്. അക്ഷയ സെന്ററുകളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റര്‍പ്രണേഴ്സ് കോണ്‍ഫെഡറേഷന്റെ ഹരജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. എന്നാല്‍, പ്രവൃത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന് ഹൈകോടതിയെ സമീപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവിസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾക്ക് തോന്നിയതുപോലെയാണ് ഗുണഭോക്താക്കളിൽനിന്ന് പണം ഈടാക്കിയിരുന്നത്. തിരക്കിനിടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യംചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളും ഇത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് അപേക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരുടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാക്കാനുള്ള കാരണം. മുമ്പും അധികചർജ് ഈടാക്കലുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തുടർന്ന് മുമ്പ് സർക്കാർ വിവിധ സേനകൾക്ക് ഈടാക്കാവുന്ന തുക എത്രയെന്ന് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയകേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ പിഴ ഈടാക്കും. പൊതുജനത്തിന് അക്ഷയകേന്ദ്രം വഴിയുള്ള സേവനങ്ങൾ സംബസിച്ച് പരാതി ഡയറക്ടർ അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം -695001 എന്ന മേൽവിലാസത്തിലോ അതത് ജില്ല ഭരണകൂടത്തിനോ നൽകാം.
