എളമക്കരയിൽ 17കാരനെ മർദിച്ച സംഭവം: പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്
എറണാകുളം: അമ്മയെപ്പറ്റി ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് പതിനേഴുകാരനെ സമപ്രായക്കാരായ വിദ്യാർഥികളും അമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു.നാലുപേർക്കാണ് ജാമ്യം നൽകി വിട്ടയച്ചത്. കുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്നും കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. വെള്ളിയാഴ്ച വൈകുന്നേരം എളമക്കരയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ നാൽപതുകാരിയും ഇവരുടെ മകനായ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. നാൽപതുകാരിയായ സ്ത്രീയാണ് മർദനത്തിന് പ്രേരിപ്പിച്ചതെന്നാണ് പരാതി. ഇവർ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.മർദനത്തിൽ പതിനേഴുകാരന്റെ സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. മർദന ദൃശൃങ്ങൾ പ്രതികള്‍ വാട്സാപ്പ് വഴി പ്രചരിപ്പിച്ചിക്കുകയും ചെയ്തു. തുടർന്ന് നാൽപതുകാരിയേയും പ്രായപൂർത്തിയാകാത്ത നാലു പേരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.





