സ്വയം കുത്തിപരിക്കേൽപ്പിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

അടൂർ: പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്. ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ സഹായി ദീലീപ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ചൊവ്വാഴ്ച രാത്രി 8.45-ന് ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടിൽ വച്ച് വയറിൽ സ്വയം കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ 9.20-ന് എംസി റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. അപകടത്തിൽ ശ്രീകാന്തിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ കെ.എം. തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.
