മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്: കാറിൽ സഞ്ചരിക്കുകയായിരുന്നു നാല് പേരെ കൊലപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലാണ് അജ്ഞാതരായ തോക്കുധാരികൾ 60 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയതെന്ന് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോങ്‌ജാങ് ഗ്രാമത്തിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്നവരെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ ഷെല്ലുകൾ കണ്ടെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.അതേസമയം കുകി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല. കുകി ഭൂരിപക്ഷ മേഖലയാണ് ചുരാചന്ദ്പൂര്‍. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.
