എണ്ണത്തിൽ കൂടുതൽ ‘ജോർജ് സാറു’മ്മാർ? പൊലീസിനെതിരെ പരാതി പ്രളയം, നാണക്കേടിന്റെ പടുകുഴിയിൽ പിണറായിയുടെ ആഭ്യന്തരം

സമീപകാലത്ത് ഒന്നും കേരള പൊലീസിന് ഇത്രയും മോശം ഒരു ഇമേജ് ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് നാണക്കേടിന്റെ പടുകുഴിയിലാണ്. കുന്നംകുളത്തെ ജോർജ് സാറുമ്മാരുടെ ഇടിയിൽ തുടങ്ങിയ പൊലീസ് വിശേഷങ്ങൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കയാണ്. പുറത്ത് ആരോടും പറയാത്തതും പറഞ്ഞിട്ടും നടപടി ഇല്ലാത്തതും വൈകുന്നതുമായ നിരവധി സംഭവങ്ങളിലെ ഇരകൾ തങ്ങൾക്ക് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മാധ്യമങ്ങളോട് തുറന്നു പറയുകയാണ്.
ഏറ്റവും പുതിയതായി പുറത്തുവരുന്നത് പേരൂർക്കട മാല മോഷണകേസിൽ പൊലീസ് മെനഞ്ഞെടുത്ത കള്ളക്കഥയാണ്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കുടിവെള്ളം പോലും നൽകാതെ തടഞ്ഞുവെച്ച ദളിത് യുവതിയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വ്യാജമാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവരുന്നത്. വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. വീട്ടുജോലിക്കാരിയായ ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണിതെന്നും ചവർ കൂനയിൽ നിന്നും മാല കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. മറവി പ്രശ്നമുള്ള പരതിക്കാരിയായ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു.
പൊലീസാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നാണ് ബിന്ദു ഇന്നും പ്രതികരിച്ചത്. മാല കിട്ടിയെന്നു ഓമന പറഞ്ഞിട്ടും പൊലീസ് കുറ്റം തന്റെ തലയിൽ കെട്ടിവച്ചു. പൊലീസിനൊപ്പമാണ് ഓമന ഡാനിയലും മകളും നിന്നത്. പൊലീസിനെ രക്ഷിക്കാനാണ് അവർ ശ്രമിച്ചതെന്നും ബിന്ദു പറയുമ്പോൾ, ശ്രദ്ധേയമാകുന്നത് ഇരയുടെ മുഖവും പേരും പുറത്തു വന്നിട്ടും ഓമന ഡാനിയേലിന്റെയോ ആരോപണവിധേയനായ പേരൂർക്കട എസ്എച്ച്ഒ പ്രസാദിന്റെയും ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല എന്നതാണ്.
കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് പൊലീസ് സേനയിലെ പുഴുക്കുത്തുകളുടെ മുഖം പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടാൻ തുടങ്ങിയത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിന്റെ, അഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചിരുന്ന ദൃശ്യങ്ങൾ നീണ്ട നിയമപോരാട്ടത്തതിന് ഒടുവിലാണ് സമൂഹത്തിന് മുന്നിലെത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്.
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ അഭിഭാഷകൻ പ്രശാന്ത് കുറുപ്പിന്റെ ഉൾപ്പെടെ നിരവധി പരാതികളാണ് പുറത്തു വരുന്നത്. ലോക്കപ്പിൽവച്ച് ക്രൂരമായി മർദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും ആണ് അഭിഭാഷകൻ വെളിപ്പെടുത്തിയത്. മധുബാബു 22 കള്ളക്കേസുകളിൽ കുടുക്കി ജീവിതം തകർത്തെന്നും മർദിച്ചെന്നും പത്തനംതിട്ടയിലെ മുൻ ജ്വല്ലറി ഉടമ പറയുന്നു. 2012ൽ മൂന്ന് കള്ളൻമാരുമായി സ്വർണക്കടയിൽ എത്തി അന്ന് സിഐ ആയിരുന്ന മധുബാബു മോഷണ സ്വർണം വാങ്ങിയെന്ന് ഭീഷണിപ്പെടുത്തി. പണമോ സ്വർണമോ നൽകിയാൽ പ്രശ്നം പരിഹരിക്കാം എന്ന് പൊലീസ് ഡ്രൈവർ പറഞ്ഞു.
എന്നാൽ തെറ്റുചെയ്യാത്തതിനാൽ താൻ വഴങ്ങിയില്ലെന്നും മൂന്നാം ദിവസം അറസ്റ്റ് ചെയ്ത് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും കണ്ണിലും മുഖത്തും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തുവെന്നുമാണ് മുൻ ജ്വല്ലറി ഉടമ പറഞ്ഞത്. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചുവെന്നും പത്തനംതിട്ടയിൽ 18 കേസുകളിലും കൊല്ലത്ത് മറ്റ് ആറ് കേസുകളിലും പ്രതിയാക്കിയെന്നും പറയുന്നു. എന്നാൽ പത്ത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ എല്ലാ കേസുകളിലും നിരപരാധിയെന്ന വിധി ചെയ്തു. എന്നാൽ അപ്പോഴേക്കും അയാൾക്ക് സ്വന്തം ജീവിതവും സമ്പത്തുമൊക്കെ കൈവിട്ട് പോയിരുന്നു.
മധുബാബു സ്ഥിരം കുറ്റവാളിയെന്ന് 2016ൽ പത്തനംതിട്ട എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടും പുറത്തുവന്നിട്ട്. എന്നാൽ ഇതേ മധുബാബു ആണ് ഡിവൈഎസ്പി റാങ്കിലെത്തി രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രിയെ കണ്ട് പൊലീസിനെ നന്നാക്കാനുള്ള നിർദേശം സമർപ്പിച്ചത്. പിണറായിയുടെ പൊലീസ് ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.
കാസർകോട് കുമ്പളയിൽ മണൽ കടത്ത് കേസ് പ്രതിയെ റോഡിൽ കുനിച്ചു നിർത്തി പൊലീസ് ഇടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. കടുത്തുരുത്തി പൊലീസ് മർദിച്ച് അവശനാക്കി കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ നേതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ക്ഷേത്രത്തിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയപ്പോൾ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആയാംകുടി മേഖല ട്രഷററായ ഡിവൈഎഫ്ഐ നേതാവിന്റെ പരാതി. ഇത്തരത്തിൽ മുൻകാലങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങളിൽ നിരവധി പേർ പൊലീസിനെതിരെ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്തയുടെ രൂക്ഷ വിമർശനവും കാര്യങ്ങൾ കൈവിട്ട പോകുന്നതിന്റെ സൂചനയാണ്. പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന് യോഗേഷ് ഗുപ്തയുടെ വിമർശനം. സംസ്ഥാന സർക്കാരിൽ നിന്നും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും വിജിലൻസ് ക്ലിയറൻസ് നൽകിയിരുന്നില്ല. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ മറുപടി പൊലിസ് ആസ്ഥാനം നൽകിയില്ല. ഇതേത്തുടർന്നാണ് രൂക്ഷമായ വിമർശനം ഉന്നയിച്ച് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് നൽകിയത്. കഴിഞ്ഞ കുറച്ച് നാളുകളായി സർക്കാരിന്റെ അപ്രീതിക്കിരയായ യോഗേഷ് ഗുപ്ത നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 11 കസ്റ്റഡി മരണവും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആറ് കസ്റ്റഡി മരണവുമാണ് ഉണ്ടായത്. ഇതിൽ പലരെയും കള്ളക്കേസിൽ കുടുക്കിയതാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. കസ്റ്റഡിയിൽ മരിച്ചവരിൽ പലരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അതിക്രൂര മർദനം നടന്നുവെന്നുമുണ്ട്. എന്നാൽ അപ്പോഴും പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്നാണ് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് പറയാനുണ്ടായിരുന്നത്.
കേരളത്തിൽ നടക്കുന്നത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പൊലീസ് രാജാണെന്ന് നിസംശയം പറയാനുള്ളത്രയും തെളിവുകളാണ് ഒരാഴ്ച കൊണ്ട് പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും ആഭ്യന്തര വകുപ്പിന് മിണ്ടാട്ടമില്ല. അതുകൊണ്ട് തന്നെ കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തര വകുപ്പ് മന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷം പറയുന്നത് അംഗീകരിക്കേണ്ടതായി വരും. സ്വന്തം പൊലീസ് സേനയെ തിരുത്താൻ, കർശന നടപടികൾ സ്വീകരിക്കാൻ പിണറായി വിജയൻ ഇനിയും തയാറായില്ലെങ്കിൽ മനുഷ്യത്വ വിരുദ്ധരും പ്രാകൃതരും ആയ ഒരു പറ്റം പൊലീസുകാർ കേരളത്തിന്റെ തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ഇനിയും അഴിഞ്ഞാടും. പ്രിവിലേജുകൾ ഇല്ലത്ത ഒരുപാട് മനുഷ്യന്മാരുടെ പുറം ഇനിയും പൊളിയും, കേൾവിശേഷി നഷ്ടപ്പെടും കാൽ വിരലുകൾ മുറിച്ചുമാറ്റപ്പെടും. അടിയന്തരാവസ്ഥ കാലത്ത് ലോക്കപ്പിൽ മർദ്ദനമേറ്റ അതേ പിണറായി വിജയനോടാണ് ഇതൊക്കെയും പറയുന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം.
