Business

ഒന്നിലേറെ വായ്പകൾ അടച്ചു തീർക്കാൻ പെടാപ്പാടാണോ? വിദ​ഗ്‍‌ദ‍‌‍ർ പറയുന്ന ഈ 2 മാ‍‌‌‍‍‍‌ർ​ഗങ്ങൾ നിങ്ങളെ സഹായിക്കും

മിക്ക സാധാരണക്കാരും സാമ്പത്തികമായി റോളർ കോസ്റ്റർ റൈഡിലൂടെ പോകുന്നവരാണ്. ദിവസേന ഉള്ള ചെലവ് കൂടാതെ വീടിന്റെ ലോൺ, വാഹന ലോൺ, ഇൻഷുറൻസ് തുക, പേഴ്സണൽ ലോൺ തുടങ്ങിയവയിൽ ഒരെണ്ണം പോലും അടയ്ക്കേണ്ടാത്തവർ വളരെ കുറവായിരിക്കും. സ്വന്തമായി എടുത്തതല്ലെങ്കിൽപ്പോലും പലപ്പോഴും നമ്മുടെ മാതാപിതാക്കൾ എടുത്ത വായ്പയും നമുക്ക് അടക്കേണ്ടി വരാറുണ്ട്. ഇതൊന്നും കൂടാതെ വീട്ടിൽ ആർക്കെങ്കിലും പെട്ടെന്ന് ഒരു ഹോസ്പിറ്റൽ എമർജൻസി വന്നാൽപ്പോലും സാമ്പത്തിക ബജറ്റാകെ താളം തെറ്റുന്നവരും നമ്മളിലുണ്ട്. ലോൺ അടച്ചു എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ നെട്ടോട്ടമോടുന്ന ആളുകളുണ്ട്. ലോൺ റീപെയ്മെന്റ് വേഗത്തിലാക്കാൻ സഹായിക്കുന്ന രണ്ട് രീതികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്നോബോൾ റീപെയ്മെന്റ് രീതി, അവലാഞ്ച് റീപെയ്മെന്റ് രീതി എന്നിവയാണിത്. ഓരോന്നും വിശദമായി പരിചയപ്പെടാം.  സ്നോബോൾ റീപെയ്മെന്റ് രീതി എളുപ്പത്തിൽ കടം വീട്ടുന്നതിനുള്ള ഒരു സൈക്കോളജിക്കൽ ട്രിക്ക് ആയിട്ടാണ് സ്നോബോൾ റീപെയ്മെന്റ് രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതിയനുസരിച്ച് ആദ്യം ചെറിയ കടങ്ങൾ തീർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. ഇങ്ങനെ ചെറിയ ചെറിയ കടങ്ങൾ വീട്ടി വരുമ്പോൾ പിന്നീട് മിച്ചം വരുന്ന പണം അടുത്ത ബാധ്യത തീർക്കാൻ ഉപയോഗിക്കാം. അങ്ങനെ എല്ലാ കടങ്ങളും വീട്ടുന്നതുവരെ ഇതേ രീതി തന്നെ തുടരണം. ഇവിടെ വലിയ ലോണുകൾക്ക് പലിശ കൂടുതലല്ലേ, മൊത്തം കടം തീർക്കുമ്പോഴേക്ക് കുറേ സമയമെടുക്കില്ലേ എന്നൊക്കെ ചോദ്യം വരാം. എന്നാൽ ബാധ്യതകൾ എണ്ണത്തിൽ എടുക്കുമ്പോൾ ഓരോന്നും അപ്രത്യക്ഷമാകുന്നതോടെ ഇത് നമ്മളെക്കൊണ്ട് പറ്റും എന്ന് തോന്നിപ്പിക്കുന്നിടത്താണ് ഈ രീതിയുടെ പ്രായോഗികത. അതായത് ഇത് പതിയെപ്പതിയെ ബാധ്യതകൾ തീർക്കാൻ നമുക്ക് പറ്റുമെന്ന ആത്മ വിശ്വാസവും പ്രചോദനവും നൽകി സൈക്കോളജിക്കലി പ്രവർത്തിക്കുന്നു.  അതേ സമയം സ്നോബോൾ റീപെയ്മെന്റ് രീതിക്ക് അതിന്റേതായ ദോഷം വശങ്ങളുമുണ്ട്. സ്നോബോളിൽ ഉയർന്ന പലിശ നിരക്കുള്ള കടങ്ങൾക്കല്ല മുൻഗണന നൽകുന്നത്. അത് കൊണ്ട് തന്നെ ഇത് സാമ്പത്തികമായി വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്ന് പറയാം. നേരത്തെ പറഞ്ഞത് പോലെ മാനസികമായി ശുഭാപ്തി വിശ്വാസം നൽകുകയാണ് ഇതിന്റെ ഗുണം.  അവലാഞ്ച് റീപെയ്മെന്റ് രീതി സ്നോബോൾ റീപെയ്മെന്റിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ് അവലാഞ്ച് റീപെയ്മെന്റ് രീതി. ഇവിടെ, ഉയർന്ന പലിശ നിരക്കുള്ള കടങ്ങൾ അടച്ചു തീർക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഉയർന്ന പലിശയിൽ നിന്ന് തുടങ്ങി അവസാനിപ്പിക്കേണ്ടത് ഏറ്റവും കുറവ് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വായ്പയിലാണ്. ഇതു വഴി അടക്കുന്ന മൊത്തം പലിശ കുറക്കാനും, മൊത്തത്തിലുള്ള കടബാധ്യത വേഗത്തിൽ കുറയ്ക്കാനും സാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അതായത് അവലാഞ്ച് ഫോളോ ചെയ്യുന്നയാൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പണം ലാഭിക്കാൻ സാധിക്കും.  അവലാഞ്ച് സാമ്പത്തികമായി വളരെ പ്രായോഗികമായ ഒരു മാർഗമാണ്. എന്നാൽ കൂടുതൽ ബാധ്യതകളുള്ളിടത്തു നിന്നും തുടങ്ങുന്നത് കൊണ്ട് ആദ്യത്തെ ടാസ്കുകൾ വളരെ എളുപ്പമാകണമെന്നില്ല. ഇത് സ്നോബോൾ രീതി പോലെ ഓരോ എണ്ണം ബാധ്യതകൾ തീരുമ്പോൾ ആത്മവിശ്വാസം വരുന്നത് പോലെ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ പതിയെപ്പതിയെ അവലാഞ്ചുമായി പൊരുത്തപ്പെട്ട്, തളരാതെ മുന്നോട്ട് പോയാൽ പെട്ടെന്ന് ലക്ഷ്യത്തിലെത്തുകയും ചെയ്യാം.  മേൽപ്പറഞ്ഞ രണ്ട് രീതികൾക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങളുടെ സാമ്പത്തിക നില, ആത്മവിശ്വാസം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ ചേർത്ത് ഒരു തീരുമാനമെടുക്കുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button