ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ബെംഗളൂരു: ഓണസീസണില്‍ നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു. സര്‍വീസ് ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്ന നിര്‍ണായക തീരുമാനം.16 കോച്ചുകളുള്ള പുതിയ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ആദ്യപകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ബെംഗളൂരു ഡിവിഷന് അനുവദിക്കുന്ന പുതിയ റേക്കിലൂടെ യാത്രക്കാരുടെ ശേഷി ഗണ്യമായി ഉയരും.നിലവില്‍ 530 യാത്രക്കാര്‍ക്ക് മാത്രമായിരുന്ന ശേഷി 1,128 ആയി വര്‍ധിക്കും. അതായത്, ഒറ്റയടിക്ക് 598 സീറ്റുകള്‍ അധികമായി ലഭിക്കും. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക്, പ്രത്യേകിച്ച് ഓണത്തോടനുബന്ധിച്ചുള്ള യാത്രകളില്‍, ഇത് വലിയ ആശ്വാസമാകും.ബെംഗളൂരു-എറണാകുളം വന്ദേഭാരത് രാവിലെ 5.10-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50-ന് എറണാകുളത്ത് എത്തും. മടക്ക സര്‍വീസ് ഉച്ചയ്‌ക്ക് 2.20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരും. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. ചെയര്‍ കാര്‍ ക്ലാസില്‍ ഭക്ഷണം ഉള്‍പ്പെടെ 1,670 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ക്ലാസില്‍ 3,030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഓണത്തോടനുബന്ധിച്ച് ബെംഗളൂരു-കേരള റൂട്ടില്‍ അനുഭവപ്പെടുന്ന വന്‍ യാത്രാതിരക്ക് കുറയ്‌ക്കുന്നതിനും കൂടുതല്‍ യാത്രക്കാര്‍ക്ക് വേഗതയേറിയ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച നടപടി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button