Kerala
മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട അമൽ കെ. ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്.ഭരണങ്ങാനം വിലങ്ങുപാറയിലാണ് ഇന്നലെ വൈകീട്ട് വിദ്യാർഥികളെ പുഴയിൽ കാണാതായത്. ഇന്നലെ മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് കടവിന് 200 മീറ്റര്‍ മാത്രം മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുകൊണ്ടാണ് തിരച്ചിൽ നടത്തുന്നത്. ഡാമിന്റെ ഷട്ടർ തുറന്നതിനാൽ മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
