പരാജയമറിയാതെ കുതിക്കുകയായിരുന്ന കാലിക്കറ്റ് എഫ്‌സിയെ തളച്ച് കൊച്ചി എഫ് സി

കോഴിക്കോട് : പരാജയമറിയാതെ കുതിക്കുകയായിരുന്ന കാലിക്കറ്റ് എഫ്‌സിയെ അവരുടെ തട്ടകത്തിൽ മൂന്ന് ഗോളിന് കീഴടക്കിയ ഫോഴ്‌സ കൊച്ചി എഫ്‌സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. വിജയികൾക്കായി രാഹുൽ രാജു രണ്ടും അലൻ സജി ഒരു ഗോളും നേടി. കാലിക്കറ്റ്‌ ഗോൾകീപ്പർ മിർഷാദ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചുവപ്പ് കാർഡ് കണ്ടു. അഞ്ചു മത്സരങ്ങളിൽ നിന്ന് കൊച്ചിക്കും കാലിക്കറ്റിനും 11 പോയന്റ് വീതമാണുള്ളത്. മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ കൊച്ചി ഒന്നാമതെത്തിയപ്പോൾ കാലിക്കറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്നതിനാൽ പന്തിന് വേഗവും കളിക്കാർക്ക്‌ താളവും കണ്ടെത്താൻ കഴിയാതെയാണ് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് കൊച്ചി നായകൻ എലിറ്റൻ ജൂനിയർ കൃത്യമായി ബോക്സിലേക്ക് ഉയർത്തി നൽകി. ഹർഷൽ റഹ്‌മാന്റെ ഹെഡ്ഡറിന് പക്ഷേ, വേണ്ടത്ര കരുത്തുണ്ടായില്ല. ആറാം മിനിറ്റിൽ അനാവശ്യ ഫൗൾ നടത്തിയ കൊച്ചിയുടെ മുഹമ്മദ് സലാ മഞ്ഞക്കാർഡ് കണ്ടു.കൊച്ചിയുടെ ഹാഫിൽ ഞെരിയാണിയോളം വെള്ളം കെട്ടിക്കിടന്നത് കാലിക്കറ്റിന്റെ ആക്രമണങ്ങളെ പ്രതിസന്ധിയിലാക്കി. പന്ത് നിയന്ത്രിച്ച് മുന്നേറാനോ ചെറിയ പാസുകളിലൂടെ പ്രതിരോധത്തിന്റെ വിടവുകൾ കണ്ടെത്താനോ കഴിയാത്ത സാഹചര്യം. സാധാരണ ഗതിയിൽ മധ്യനിരയിലൂടെ കളി മെനഞ്ഞ് മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കുന്ന കാലിക്കറ്റിന്, വെള്ളക്കെട്ടിനെ മറികടക്കാനുള്ള തന്ത്രങ്ങൾ ഉണ്ടായിരുന്നില്ല. 37-ാം മിനിറ്റിൽ കൊച്ചി ഗോൾ നേടി. ഇടതു വിങിൽ നിന്ന് രാഹുൽ രാജു നൽകിയ പാസ് അലൻ സജി ഗോളാക്കി മാറ്റി (1-0). രണ്ട് മിനിറ്റിനകം കാലിക്കറ്റിന് ഗോൾ തിരിച്ചടിക്കാൻ അവസരം. എന്നാൽ ബുവാസോയുടെ പാസിൽ നായകൻ പ്രശാന്ത്‌ പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങി. ആദ്യപകുതി കൊച്ചിയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ കാലിക്കറ്റ്‌ ലിയനാർഡോ ഡേവിഡിനെയും ജോബിനെയും കളത്തിലിറക്കി. 51-ാം മിനിറ്റിൽ കാലിക്കറ്റ്‌ പത്ത് പേരായി ചുരുങ്ങി. അലൻ സജിയെ ബോക്സിന് പുറത്തേക്ക് ഇറങ്ങിവന്നു വീഴ്ത്തിയതിന് ഗോൾകീപ്പർ മിർഷാദ് ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ്‌ സമനിലക്കായി നിരന്തരം മുന്നേറ്റങ്ങൾ നടത്തി.73-ാം മിനിറ്റിൽ ബുവാസോയുടെ ക്രോസിന് പകരക്കാരൻ ലിയനാർഡോ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. 80-ാം മിനിറ്റിൽ ഡീഗോ ഹെർണാണ്ടസിന്റെ പാസിൽ രാഹുൽ രാജു സ്കോർ ചെയ്തു (2-0). വെളിച്ചക്കുറവിനെ തുടർന്ന് മത്സരം അല്പനേരം തടസപ്പെട്ടു. കളി പുനരാരംഭിച്ച ഉടനെ രാഹുൽ രാജു തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോൾ നേടി. ഇതോടെ കൊച്ചി സീസണിലെ നാലാം ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. രാഹുൽ രാജു അഞ്ച് കളിയിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്നു.അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ തിങ്കളാഴ്ച (ഒക്ടോബർ 26) മലപ്പുറം എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുമായി മത്സരിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button