ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഒരു സുപ്രധാന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ കണ്ടെത്തിയ നിരവധി അപകടസാധ്യതകളെ ഈ മുന്നറിയിപ്പ് എടുത്തുകാണിക്കുന്നു. സൈബർ കുറ്റവാളികൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ഉപകരണം പൂർണ്ണമായും ക്രാഷ് ചെയ്യാനോ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. എന്താണ് സർക്കാരിന്‍റെ മുന്നറിയിപ്പ്? ആപ്പിളിന്‍റെ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ കണ്ടെത്തിയ ഗുരുതരമായ ഒരു പ്രശ്‍നം, ചില ദോഷകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപകരണങ്ങളെ പ്രതികരിക്കാത്തതാക്കുന്നതിനോ, പൂർണ്ണമായും പ്രവർത്തനരഹിതമാക്കുകയോ ചെയ്യാൻ അനുവദിക്കുമെന്ന് സെര്‍ട്-ഇന്‍ പുറപ്പെടുവിച്ച ഈ മുന്നറിയിപ്പ് പറയുന്നു. ഈ പിഴവുകൾ ഉപയോഗപ്പെടുത്തി ഹാക്കർമാർക്ക് നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും.ചിലപ്പോൾ നിങ്ങളുടെ ഉപകരണങ്ങൾ പൂർണ്ണമായും ഉപയോഗശൂന്യമാക്കാമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം രാജ്യത്തെ ആപ്പിൾ ഉപയോക്താക്കൾക്ക് നിൽകിയ അതിതീവ്രത മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഏതൊക്കെ ഡിവൈസുകളാണ് അപകടത്തിലായിരിക്കുന്നത്? കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 18.3 ന് മുകളിലുള്ള ഐഒഎസ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ, ഐഫോണ്‍ എസ്ക്എസും അതിനുമുകളിലുള്ളതും ഉൾപ്പെടെ നിരവധി ഉപകരണങ്ങളെ ഈ അപകടസാധ്യത ബാധിച്ചേക്കാം. ഇതിനുപുറമെ, ഐപാഡ് പ്രോ (12.9 ഇഞ്ച് രണ്ടാം തലമുറയും അതിനുശേഷമുള്ള മോഡലുകളും), ഐപാഡ് പ്രോ (10.5 ഇഞ്ച്), ഐപാഡ് ആറാം തലമുറയും അതിനുശേഷമുള്ള മോഡലുകളും, ഐപാഡ് എയർ മൂന്നാം തലമുറയും അതിനുശേഷമുള്ള മോഡലുകളും, ഐപാഡ് മിനി അഞ്ചാം തലമുറയും അതിനുശേഷമുള്ള മോഡലുകളും അപകടത്തിലായേക്കാം. ബാധിക്കപ്പെട്ട സോഫ്റ്റ്‌വെയർ പതിപ്പുകൾ ഐഒഎസ് 18.3-ന് മുമ്പുള്ള പതിപ്പുകൾ (ഐഫോണ്‍ എക്‌സ്എസ്-നും പുതിയതിനും) ഐപാഡ്ഒഎസ് 17.7.3-ന് മുമ്പുള്ള പതിപ്പുകൾ (ഐപാഡ് പ്രോ 12.9-ഇഞ്ച് രണ്ടാം തലമുറ, ഐപാഡ് പ്രോ 10.5-ഇഞ്ച്, ഐപാഡ് 6-ാം തലമുറ) ഐപാഡ്ഒഎസ് 18.3-ന് മുമ്പുള്ള പതിപ്പുകൾ (മറ്റെല്ലാ പുതിയ ഐപാഡ് മോഡലുകൾക്കും) ഉപയോക്താക്കൾ എന്തുചെയ്യണം? ഈ സൈബർ ഭീഷണി ഒഴിവാക്കാൻ എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങൾ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്-ഇന്‍ നിർദ്ദേശിച്ചു. കൂടാതെ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും സെര്‍ട്-ഇന്‍ ശുപാർശ ചെയ്യുന്നു. സംശയാസ്പദമായ ലിങ്കുകളിലോ സന്ദേശങ്ങളിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യകയും അരുത്.
