Gulf News

ഏറ്റവും നീളമേറിയ ഖുർആൻ കൈയെഴുത്ത് പ്രതി മലയാളിയിൽ നിന്ന് തട്ടിയെടുത്ത് വിറ്റതായി പരാതി

ദുബൈ: ലോകത്തിലെ ഏറ്റവും നീളമേറിയ ഖുർആൻ കൈയെഴുത്ത് പ്രതി സൂക്ഷിക്കാൻ ഏൽപ്പിച്ചയാൾ വിറ്റ് പണവുമായി മുങ്ങിയതായി പരാതി. നിരവധി റെക്കോർഡുകൾ സ്വന്തമായുള്ള കലാകാരൻ കാർട്ടൂണിസ്റ്റ് ദിലീഫാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി അധികൃതരെ സമീപിച്ചത്. പാലക്കാട് ആലത്തുർ സ്വദേശിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ദിലീഫ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗിന്നസിൽ വരെ ഇടം നേടി പലതവണ വാർത്തകളിൽ നിറഞ്ഞതാണ് ദിലീഫ് മൂന്ന് വർഷം കൊണ്ട് തയാറാക്കിയ ലോകത്തിലെ ഏറ്റവും നീളമേറിയ ഖുർആൻ കൈയെഴുത്ത് പ്രതി. നാലരകോടി രൂപവരെ പലരും വില പറഞ്ഞിട്ടും താൻ വിൽക്കാതെ സൂക്ഷിച്ചിരുന്ന അമൂല്യവസ്തു പാലക്കാട് ആലത്തൂർ സ്വദേശിയായ ജംഷീർ വടഗിരിയിൽ തന്ത്രപൂർവം കൈക്കലാക്കി 24 ലക്ഷം രൂപക്ക് മറിച്ചു വിറ്റുവെന്നാണ് ദിലീഫിന്റെ ആരോപണം. ഖുർആൻ കൈയെഴുത്ത് പ്രതി ദുബൈയിലെ സർക്കാർ തലത്തിലുള്ളവർക്ക് കൈമാറാമെന്ന് പറഞ്ഞ് ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയാണ് ജംഷീർ തന്നെ സമീപിച്ചതെന്ന് ദിലീഫ് പറഞ്ഞു. എന്നാൽ, ഫിറോസ് വിൽപനയിലോ ഇടപാടിലോ പങ്കുള്ളതായി താൻ സംശയിക്കുന്നില്ല. വലിപ്പമേറിയ ഖുർആൻ തന്റെ ദുബൈയിലെ ഗ്യാലറിയിൽ വയ്ക്കാൻ അസൌകര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ബിസിനസുകാരന്റെ കൈയിൽ സൂക്ഷിക്കാൻ കൊടുക്കാമെന്ന് പറഞ്ഞാണ് ജംഷീർ കൊണ്ടുപോയത്. 24 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തന്നെയറിയിക്കാതെ അത് വിൽക്കുകയായിരുന്നു എന്ന് ദിലീഫ് മുഖ്യമന്ത്രിക്കും പൊലീസ് അധികൃതർക്കും നൽകിയ പരാതിയിൽ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button