അടൂരിലെ യുവതിയുടെ മരണം: പ്രതി അരുൺ മതം മാറാൻ നിർബന്ധിച്ചെന്നും സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചെന്നും ഷഹാനയുടെ മാതാവ്

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരിച്ച ഷഹാനയെ പ്രതി മതം മാറാൻ നിർബന്ധിച്ചിരുന്നതായും സ്ഥിരമായി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും മാതാവ് ഷീജ മീഡിയവണിനോട് വെളിപ്പെടുത്തി. ഷഹാനയുടെ വീടും വസ്തുവും സാലറിയും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതെന്നും കുടുംബം ആരോപിക്കുന്നു.ഷഹാനയ്ക്ക് സ്ഥിരമായ വരുമാനമുള്ളതിനാൽ പ്രതി അരുൺ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ഷഹാനയുടെ കയ്യിൽ നിന്നും ഇയാൾ വലിയ തുകകൾ കൈപ്പറ്റിയിരുന്നു. ബാങ്കിൽ നിന്ന് ലോൺ എടുപ്പിച്ചു പോലും പണം നൽകാൻ ഷഹാന നിർബന്ധിതയായി.ഏകദേശം മൂന്നാല് മാസങ്ങൾക്ക് മുൻപ് മതം മാറി വിവാഹം കഴിക്കാൻ അരുൺ ആവശ്യപ്പെട്ടെങ്കിലും ഷഹാന അത് നിരസിച്ചു. തന്റെ കുഞ്ഞിനെ നോക്കി സ്വന്തം ജോലി ചെയ്ത് ജീവിക്കാനാണ് താൽപ്പര്യമെന്ന് ഷഹാന വ്യക്തമാക്കിയതിന് ശേഷമാണ് മാനസിക പീഡനവും ഭീഷണിയും വർധിച്ചതെന്ന് മാതാവ് പറയുന്നു. ഷഹാന ലോണെടുത്ത് പുതിയ വീട് വെച്ചതോടെ, ആ വീടും വസ്തുവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ടോർച്ചറിങ് കൂടുതൽ കടുപ്പിച്ചു.ഷഹാന മരിക്കുന്നതിന്റെ അന്നത്തെ ദിവസവും പ്രതി ഇത്തരത്തിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ചിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം വഴിയിൽ കാത്തുനിന്ന അരുൺ, ഷഹാന വീട്ടിലേക്ക് പോകുന്ന സമയത്ത് പുറകെ ചെല്ലുകയും വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ഷഹാനയെ പ്രതി കഠിനമായ സമ്മർദ്ദത്തിലാക്കുകയും മർദ്ദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മർദ്ദിച്ച കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.നിലവിൽ പ്രതി അരുണിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ മതം മാറ്റാൻ നിർബന്ധിച്ചതുൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ കുടുംബം ഉന്നയിച്ച സാഹചര്യത്തിൽ, പ്രതിയുടെ പങ്കിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button