കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ
തിരൂർ: പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺ സുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളെ കൊട്ടേഷൻ ഏൽപ്പിച്ച് തട്ടിക്കൊണ്ടു പോവുകയും മൊബൈൽ ഫോൺ കവർച്ച ചെയ്തു മർദിക്കുകയും ചെയ്ത കേസിൽ കാമുകിയായ യുവതിയും സുഹൃത്തുക്കളും ഉൾപ്പെടെ പറവണ്ണ, നോർത്ത് അന്നാര സ്വദേശികളായ അഞ്ചുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂർ താഴെപാലത്തുവെച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ ബൈക്കിൽ കൂട്ടിക്കൊണ്ടു പോവുകയും കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. താഴെപ്പാലം പുഴയോരത്ത് വച്ച് പ്രതികൾ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് മുൻപ് റിമാൻഡിൽ ആയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.





