
കോതമംഗലം: പോക്സോ കേസിൽ സി.പി.എം നഗരസഭ കൗൺസിലർ അറസ്റ്റിൽ. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കൂടിയാറ്റ് കെ.വി. തോമസ് (58) ആണ് അറസ്റ്റിലായത്.
കടന്നുപിടിക്കുകയും പലതവണ മോശമായി പെരുമാറുകയും ചെയ്തെന്ന പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി അമ്മാവനോട് വിവരങ്ങൾ പങ്ക് വച്ചു. അമ്മാവൻ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വെള്ളിയാഴ്ച കേസെടുക്കുകയും ചെയ്തു. ശനിയാഴ്ച്ച രാത്രി പൊലീസിൽ കീഴടങ്ങിയ തോമസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.
സി.പി.എം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എട്ടാം വാർഡ് കൗൺസിലറുമാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറാകുന്നത്. മുമ്പ് ബന്ധുവായ യുവതിയെ പിഡിപ്പിച്ചെന്ന കേസിൽ പ്രതിയായിട്ടുണ്ട്.
അതിനിടെ, തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു. നഗരസഭ കൗൺസിൽ സ്ഥാനം രാജിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്.
