
ഷാർജ/കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖർ (30) ഭർത്താവ് സതീഷ് ശങ്കറിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി കുടുംബം.മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കാണാം. സതീഷ് ക്രൂരമായാണ് അതുല്യയോട് പെരുമാറിയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറയുന്നു. അതുല്യക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും ബന്ധമൊഴിയാന്‍ വീട്ടുകാർ നിർബന്ധിച്ചിട്ടും തയാറായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുന്നത് കൊണ്ട് അതുല്യ എല്ലാം മറന്ന് കൂടെ നിൽക്കുകയായിരുന്നെന്നും അവർ പറയുന്നു. ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിലെ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബൈയിലെ അരോമ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരൻ സതീഷിന്റെ ഭാര്യയാണ്. ഏകമകൾ ആരാധ്യ നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്. അതുല്യയുടെ സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്.
