Gulf News

നാട്ടിലേക്ക്​ കൊണ്ടുപോകുന്ന സ്വർണത്തിന്‍റെ മൂല്യപരിധി പുതുക്കണമെന്ന്​ ആവശ്യം

ഷാർജ: പ്രവാസികളായ ഇന്ത്യക്കാർ നാട്ടിലേക്ക്​ പോകുമ്പോൾ കൊണ്ടുപോകാവുന്ന സ്വർണത്തിന്‍റെ മൂല്യപരിധി പുതുക്കണമെന്ന ആവശ്യം ശക്തം. ഇതുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമങ്ങൾ കാലോചിതമായി പുതുക്കണമെന്ന ആവശ്യമുന്നയിച്ച്​ കേന്ദ്ര ധനന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കത്തയച്ചു. നിലവിലെ നിയമമനുസരിച്ച് ഒരു സ്ത്രീക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാം. എന്നാൽ അതിന്റെ മൂല്യം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അതുപോലെ പുരുഷ യാത്രക്കാരന് 20 ഗ്രാം വരെ കൊണ്ടുപോകാം. എന്നാൽ അതിന്റെ മൂല്യം 50,000 രൂപയിൽ കൂടാൻ പാടില്ലെന്നാണ്​ നിയമം. 2016ൽ ഈ വിജ്ഞാപനം പുറത്തിറക്കുമ്പോൾ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം ഗ്രാമിന്​ 2,500 രൂപ മാത്രമായിരുന്നു. അതനുസരിച്ചാണ് മൂല്യപരിധികൾ നിശ്ചയിച്ചത്. എന്നാൽ നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 10,000 രൂപയും കടന്നിരിക്കുകയാണ്​. അതായത് 20 ഗ്രാം സ്വർണത്തിന് ഏകദേശം രണ്ട്​ ലക്ഷത്തിലേറെ രൂപ വരും. 40 ഗ്രാം സ്വർണത്തിന് ഏകദേശം നാലു ലക്ഷത്തിലേറെയും മൂല്യമുണ്ട്​. സ്വർണവില കൂടിയതോടെ രൂപപ്പെട്ട വൈരുദ്ധ്യം യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്​. കാലഹരണപ്പെട്ട മൂല്യപരിധി കാരണം പ്രവാസികളായ ഇന്ത്യക്കാർക്ക് വിമാനത്താവളങ്ങളിലടക്കം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. നിശ്ചയിച്ച മൂല്യവും നിലവിലെ കമ്പോള വിലയും തമ്മിലുള്ള പൊരുത്തക്കേട് പലപ്പോഴും കസ്റ്റംസ് പരിശോധന കേന്ദ്രങ്ങളിൽ അനാവശ്യ തർക്കങ്ങൾക്കും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾക്കും ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ്​ വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യപരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ ഇന്ത്യൻ അസോസി​യേഷൻ കത്ത്​ നൽകിയിരിക്കുന്നത്​. സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ നിശ്ചിത ഭാരത്തിലുള്ള സ്വർണാഭരണങ്ങൾ അനുവദിച്ച്​, നിയമത്തിന്റെ യഥാർഥ ലക്ഷ്യത്തിനനുസരിച്ച മാറ്റമാണ്​ പ്രവാസികൾ ആവശ്യപ്പെടുന്നത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button