വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി 1,500 പേരെ വരെ ഉൾപ്പെടുത്താം; പരിധി ഉയർത്തി മെറ്റ
ന്യൂഡൽഹി: വലിയ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കൾക്ക് ആശ്വാസമായി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരമാവധി പരിധിയാണ് ഇപ്പോൾ ഉയർത്തിയത്. നിലവിലുണ്ടായിരുന്ന 1,024 എന്ന പരിധി 1,500 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ ഗ്രൂപ്പുകൾ നിർമിക്കാതെ തന്നെ അഡ്മിൻമാർക്ക് 476 പേരെക്കൂടി നിലവിലുള്ള ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ സാധിക്കും.
വലിയ കുടുംബ ഗ്രൂപ്പുകൾ, സ്കൂൾ കമ്മ്യൂണിറ്റികൾ, ഓഫീസ് ടീമുകൾ എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് ഒരേ ഗ്രൂപ്പിൽ തന്നെ എല്ലാവരെയും ഉൾപ്പെടുത്തി വിവരങ്ങൾ പങ്കുവെക്കാൻ ഈ മാറ്റം സഹായകമാകും.
വാബീറ്റഇൻഫോ റിപ്പോർട്ട് പ്രകാരം ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വാട്സ്ആപ്പ് ഈ മാറ്റം അവതരിപ്പിച്ചു തുടങ്ങിയത്. സാധാരണ ഗ്രൂപ്പ് ചാറ്റുകൾക്കും വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾക്കുള്ളിലെ ഗ്രൂപ്പുകൾക്കും പുതിയ പരിധി ബാധകമാണ്. അതേസമയം, കമ്മ്യൂണിറ്റി അനൗൺസ്മെന്റ് ഗ്രൂപ്പുകളിൽ നിലവിൽ തന്നെ 2,000 പേരെ ഉൾപ്പെടുത്താൻ സാധിക്കുന്നതിനാൽ അവയിൽ മാറ്റമുണ്ടാകില്ല.





