ചൈനയിലെ പശു പ്രതിമയിൽ ബീഫ് കട്ടുകളുടെ ചാർട്ട്; ഹൃദയം തകർന്നെന്ന് ഇന്ത്യൻ വിനോദസഞ്ചാരി
ചൈന: ചൈന സന്ദർശനത്തിനിടെ പശുവിന്റെ പ്രതിമയിൽ ബീഫ് കട്ടുകളുടെ ചാർട്ട് കണ്ട് ഹൃദയം തകർന്നെന്ന് ഇന്ത്യൻ വിനോദ സഞ്ചാരി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ചൈനയിലെ ഒരു റോഡരികിലുള്ള പശുവിന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.’ഇന്ത്യയിൽ നമ്മൾ പശുവിനെ ആരാധിക്കുന്നു, എന്നാൽ ചൈനയിൽ പശുവിന്റെ ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് മാംസം കിട്ടുന്നു, ഓരോ ഭാഗങ്ങളിൽ നിന്നും എത്ര പ്രോട്ടീൻ ഉണ്ടെന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് കണ്ടപ്പോപ്പോൾ ഞാൻ ഞെട്ടിപ്പോയി, എന്റെ ഹൃദയം തകരുന്നു. ചൈനയിൽ ഇത്തരമൊരു കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- വീഡിയോയിൽ യുവാവ് പറയുന്നു. ഇരു രാജ്യങ്ങളിലും പശുവിനെ എത്രത്തോളം വ്യത്യസ്തമായാണ് കാണുന്നതെന്ന് തന്റെ പ്രേക്ഷകരെ അറിയിക്കാനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്നും വീഡിയോയുടെ അവസാനത്തിൽ യുവാവ് പറയുന്നുണ്ട്.അതേസമയം, വീഡിയോയ്ക്ക് പിന്നാലെ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. നിരവധി പേരാണ് വീഡിയോ റീഷെയർ ചെയ്തിരിക്കുന്നത്. പശുവിനെക്കുറിച്ച് ഇന്ത്യൻ വിശ്വാസങ്ങൾ ചൈനക്കാരും പിന്തുടരണമെന്ന് പ്രതീക്ഷിച്ചാണോ ചൈനയിലേക്ക് വന്നത്?, മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ വിമർശിക്കുന്നതിന് പകരം സ്വന്തം രാജ്യത്ത് തന്നെ തുടർന്ന് വിശ്വാസങ്ങൾ ആചരിക്കുകയാണ് നിങ്ങൾക്ക് നല്ലത്, ഇന്ത്യയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിയുന്ന പശുക്കളെക്കുറിച്ച് ആശങ്കയുള്ളവർ ആദ്യം അവയെ സംരക്ഷിക്കുകയാണ് വേണ്ടത് എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.




