രണ്ടാഴ്ച മുമ്പ് നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികൻ പേവിഷബാധയേറ്റ് മരിച്ചു

ചെങ്ങന്നൂർ: പനിക്ക് വിവിധ ആശുപത്രികളിൽ ചികിത്സതേടിയതിന് പിന്നാലെ പേവിഷബാധയാണെന്ന് സ്ഥിരീകരിച്ച വയോധികൻ മരിച്ചു. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാംവാർഡിൽ ശങ്കരമംഗലത്ത് ഗോപിനാഥൻ നായർ (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച രണ്ടിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. തിരുവല്ല വലിയ അമ്പലത്തിനു സമീപം കപ്പലണ്ടി കച്ചവടമായിരുന്നു തൊഴിൽ. രണ്ടാഴ്ച മുമ്പ് തിരുവൻവണ്ടൂർ മിൽമ സൊസൈറ്റി പടിക്ക് സമീപത്തുവെച്ച് നായുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. സൈക്കിളിൽ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോൾ മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്താണ് നഖം കൊണ്ടത്. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആദ്യം ഇരമല്ലിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയപ്പോൾ പനിക്കുള്ള മരുന്ന് മാത്രമാണ് നൽകിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പേവിഷബാധ കണ്ടെത്തിയിരുന്നില്ല. പിന്നീട് ആരോഗ്യനില മോശമായതോടെ തിരുവല്ല മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ച് നടത്തിയ ശ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ശാന്തമ്മ. മൂത്തമകൾ രഞ്ജിനി ഗോപി അംഗപരിമിതയാണ്. ഇളയമകൾ റെൻജു ഗോപി ജർമനിയിൽ നഴ്സാണ്. സംസ്കാരം പിന്നീട്.
