വയോധികയെ കൊന്ന് ആഭരണങ്ങൾ കവർന്നു

മൈസൂരു: പൂജക്കാവശ്യമായ പ്രത്യേക ഇലകൾ പറിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി സ്വർണാഭരണം കവർന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുസ്വമപ്പ നഞ്ചൻഗുഡ് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെ.വി. ശിവരുദ്രമ്മ(65) കൊല്ലപ്പെട്ട കേസിൽ കസുവിനഹള്ളി ഗ്രാമത്തിലെ മഹാദേവപ്പയാണ്(51) അറസ്റ്റിലായത്. നാല് ദിവസം മുമ്പ് ശിവരുദ്രമ്മയെ കാണാതായതായി ഭർത്താവ് ഗുരുസ്വമപ്പ പരാതി നൽകിയിരുന്നു. അന്വേഷണത്തിനെത്തിയ പൊലീസിനും നാട്ടുകാർക്കും ഒപ്പം മഹാദേവപ്പയും തിരച്ചിലിൽ സജീവമായിരുന്നു. തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ ഞായറാഴ്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുലിയുടെ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് മഹാദേവപ്പ പൊലീസിനോടും നാട്ടുകാരോടുംപറയുന്നുണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യ ചെയ്തതോടെ അയാൾ കുറ്റമേറ്റു. പുലി ആക്രമണ പ്രതീതിയുണ്ടാക്കാൻ താൻ പുലിയുടെ വ്യാജ കാൽപ്പാടുകൾ സൃഷ്ടിക്കുകയും കൊല്ലപ്പെട്ട സ്ത്രീയുടെ പാദരക്ഷകൾ കാട്ടിൽ വലിച്ചെറിയുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതി മഹാദേവപ്പ ഒളിപ്പിച്ചുവെച്ച 7.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. നഞ്ചൻകോട് തഹസിൽദാർ ഡോ.സ്മിത രാമു, പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി, നഞ്ചൻകോട് സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ധർമേന്ദ്ര, ഹെഡ് കോൺസ്റ്റബിൾമാരായ സുരേഷ്, രാജു ഗൗഡ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിവരുദ്രമ്മയുടെ മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരിലെ മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button