മംഗള എക്സ്പ്രസിൽ ഭക്ഷ്യവിഷബാധ; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ മലയാളി വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ഭോപ്പാൽ: ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ (12618) വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഡൽഹിയിലേക്ക് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന തൃശൂരിൽ നിന്നുള്ള സംഘത്തിലെ നാൽപതോളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. ട്രെയിനിലെ പാൻട്രി കാറിൽ നിന്നുള്ള ഭക്ഷണം കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമായത്. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകിയതെന്നാണ് പ്രാഥമിക സംശയം.80 വിദ്യാർഥികളും പത്ത് അധ്യാപകരുമടങ്ങുന്ന സംഘം എസ് 2, എസ് 3 കോച്ചുകളിലായാണ് യാത്ര ചെയ്തിരുന്നത്. യാത്രയിലുടനീളം ഇവർ പാൻട്രിയിൽ നിന്നുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. വെള്ളിയാഴ്ച ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പല കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. കുട്ടികളുടെ നില വഷളായതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂൾ അധികൃതരും ഉടൻ തന്നെ റെയിൽവേ ജീവനക്കാരെയും ഹെൽപ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ മധ്യപ്രദേശിലെ ഖാണ്ഡ്‌വ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. ഇവിടെ മുൻകൂട്ടി സജ്ജമാക്കി നിർത്തിയിരുന്ന മെഡിക്കൽ സംഘം കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. മുൻകരുതൽ എന്ന നിലയിൽ റെയിൽവേയുടെ പ്രത്യേക മെഡിക്കൽ ടീം ഖാണ്ട്‌വയിൽ നിന്ന് ഭുസാവൽ സ്റ്റേഷൻ വരെ ട്രെയിനിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തു. അടിയന്തര ചികിത്സ ലഭിച്ചതോടെ അപകടനില തരണം ചെയ്ത കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ഡൽഹി നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എറണാകുളത്ത് എത്തുക. 15നും 18നും ഇടയിൽ പ്രായമുള്ളവരാണ് അസ്വസ്ഥതകളുണ്ടായ വിദ്യാർഥികൾ. തൃശൂരിലെ ഏത് സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമായിരിക്കും ട്രെയിൻ കേരള അതിർത്തി കടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button