
ബംഗളൂരു: വീടിനു മുന്നിൽ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വയോധികയെ അയൽക്കാരൻ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചതായി പരാതി. ഗൗതംപുര ഗ്രാമത്തിൽ ജൂൺ 24ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് ഇതു പുറത്തുവന്നത്. ഇതു വ്യാപകമായ പ്രതിഷേധത്തിന് കാരണമായെന്നും പൊലീസ് പറഞ്ഞു. വീടിനു മുന്നിൽ മാലിന്യം തള്ളിയതിന് അയൽവാസിയായ പ്രേമയെ ഹുച്ചമ്മ (70) എതിർത്തു.ഇതു ചൂടേറിയ തർക്കത്തിലേക്ക് നയിച്ചു. പ്രേമയുടെ ‘സ്വഭാവ’ത്തെക്കുറിച്ച് അവർ പരാമർശങ്ങൾ നടത്തിയതായി ആക്ഷേപമുണ്ട്. ഇതിൽ പ്രകോപിതയായ പ്രേമ രണ്ടു പുരുഷ ബന്ധുക്കളുടെ സഹായത്തോടെ വൃദ്ധയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവരം ശ്രദ്ധയിൽപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ ആനന്ദപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രേമയെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
