പരാജയപ്പെടുന്നത് തെറ്റല്ല, എന്നാൽ ചതി ചെയ്യുന്നത് തെറ്റാണ്’; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

മുംബൈ: പരീക്ഷാ ക്രമക്കേടുകളുടെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെയും ഭാഗമായി രാജ്യത്ത് വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, പ്രതിഷേധക്കാർക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കഠിനാധ്വാനത്തിന് അർഹമായ വില ലഭിക്കണമെന്നും സമൂഹത്തിൽ മെറിറ്റ് (യോഗ്യത) നടപ്പിലാക്കപ്പെടണമെന്നും സച്ചിൻ തന്റെ സമൂഹ മാധ്യമമായ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. ‘തന്റെ പിതാവ് ഒരു അധ്യാപകൻ ആയിരുന്നു എന്നും അദ്ദേഹം നിരവധി വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു എന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ പരാജയപ്പെടുന്നത് തെറ്റല്ല, എന്നാൽ ചതി ചെയ്യുന്നത് തെറ്റാണെന്നും ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്നും ചെറുപ്പകാലത്ത് അച്ഛൻ തന്നെ പഠിപ്പിച്ച ഒരു പ്രധാന പാഠമാണ്’ -സച്ചിൻ പറഞ്ഞു. ‘സമൂഹത്തിലെ മുതിർന്നവർ എന്ന നിലയിൽ സംസ്കാരത്തെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. പ്രയത്‌നത്തെക്കാൾ ഫലങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സമൂഹം, യോഗ്യതയേക്കാൾ കുറുക്കുവഴികളായിരിക്കും തേടുക. ഇന്ന്, തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കാത്തതിൽ വിദ്യാർഥികൾ നിരാശരാകുമ്പോൾ, അത് തികച്ചും സ്വാഭാവികമാണ്. അവർക്ക് ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം’ സച്ചിൻ പറയുന്നു. ‘ഇന്ത്യയിലെ യുവ ജനങ്ങൾ സ്വപ്നങ്ങളും ഊർജ്ജവും നിറഞ്ഞതാണ്. അവരാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സ്കൂളുകൾ, ഭരണാധികാരികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും നമ്മുടെ യുവത്വം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്തവും പങ്കുമുണ്ട്. കഠിനാധ്വാനം പ്രതിഫലിക്കപ്പെടുന്നതും സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്നതും യോഗ്യത വിജയിക്കുന്നതുമായ ഒരു സംസ്കാരം നാം സൃഷ്ടിക്കണം. നമ്മുടെ കുട്ടികളുടെ ഭാവി ശക്തിപ്പെടുത്തുന്നതിനും അവരുടെ അഭിലാഷങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ എല്ലാവരും പരിശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്!’ -സച്ചിൻ കൂട്ടിച്ചേർത്തു. പരീക്ഷാ തട്ടിപ്പുകളും അഴിമതികളും കാരണം കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. ജീവിതത്തിലും കായികരംഗത്തും താൻ പാലിച്ച അച്ചടക്കവും പിതാവിന്റെ പാഠങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിലും കരിയറിലും മാതാപിതാക്കൾക്കും അധ്യാപകർക്കും ഭരണകൂടങ്ങൾക്കും ഒരുപോലെ പങ്കുണ്ടെന്നും, വിദ്യാർഥികൾക്ക് അനുകൂലവും സത്യസന്ധവുമായ ഒരു വ്യവസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് നടന്ന വിവിധ മത്സരപ്പരീക്ഷകളിലെ ചോദ്യക്കടലാസ് ചോർച്ചയും ക്രമക്കേടുകൾക്കെതിരെയും വിദ്യാർഥികൾ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥികൾ നടത്തിയ മാർച്ചുകളും പ്രക്ഷോഭങ്ങളും ദേശീയതലത്തിളും അന്തർദേശിയതത്തിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button