കൺപോളകളില്ല; ഉറങ്ങുമ്പോഴും ചുറ്റുമുള്ള അപകടം തിരിച്ചറിയും, ഏതാണ് ആ ജീവി ?
പ്രകൃതിയിലെ ഏറ്റവും നിഗൂഢവും കൗതുകമുണർത്തുന്നതുമായ ജീവികളിൽ ഒന്നാണ് പാമ്പുകൾ. അവയുടെ ശരീരഘടനയും ജീവിതരീതിയും എപ്പോഴും ശാസ്ത്രലോകത്തിന് വലിയ ആശ്ചര്യമാണ്. ഇക്കൂട്ടത്തിൽ ഏറെ കൗതുകകരമായ ഒന്നാണ് പാമ്പുകളുടെ ഉറക്കം. കൺപോളകളില്ലാത്തതിനാൽ കണ്ണുകൾ തുറന്നുപിടിച്ചാണ് പാമ്പുകളുടെ ഉറക്കം. ഉറക്കത്തിലും ചുറ്റുമുള്ള അപകടങ്ങൾ കൃത്യമായി തിരിച്ചറിയാനുള്ള ശേഷിയും ഇവക്ക് ഉണ്ട്. പാമ്പുകൾക്ക് കൺപോളകൾ ഇല്ല. അതിനുപകരം അവയുടെ കണ്ണിന് മുകളിലായി സുതാര്യമായ ഒരു നേർത്ത ചർമം (Spectacle/Brille) ആണ് ഉള്ളത്. കൺപോളകൾ അടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു പാമ്പ് ഉറങ്ങുകയാണോ അതോ ഉണർന്നിരിക്കുകയാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുക അസാധ്യമാണ്.കണ്ണിനു മുകളിലുള്ള ഈ നേർത്ത ചർമം പൊടിപടലങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും അവയുടെ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യും. ഉറങ്ങുന്ന സമയത്ത് പാമ്പുകൾ ഒട്ടും അനങ്ങില്ല. ഈ സമയത്ത് അവയുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകുമെങ്കിലും ചുറ്റുമുള്ള അപകടങ്ങളെയും ചലനങ്ങളെയും തിരിച്ചറിയാനുള്ള കഴിവിന് കുറവുണ്ടാകുന്നില്ല. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായാലും ചുറ്റുമുള്ള ശബ്ദതരംഗങ്ങളും പ്രകമ്പനങ്ങളും ശരീരത്തിലെ പ്രത്യേക അവയവങ്ങൾ വഴി തിരിച്ചറിഞ്ഞ് വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവക്ക് കൃത്യമായി ബോധ്യമുണ്ടാവുകയും ചെയ്യും. പാമ്പുകളെപ്പോലെ തന്നെ മീനുകൾക്കും കൺപോളകൾ ഇല്ലാത്തതിനാൽ അവയും കണ്ണ് തുറന്നുപിടിച്ചാണ് ഉറങ്ങുന്നത്. എന്നാൽ, ഒഴുകുന്ന വെള്ളത്തിൽ കഴിയുന്ന മീനുകൾ ഉറങ്ങുമ്പോൾ ഒഴുക്കിൽപ്പെട്ട് പോകാതിരിക്കാൻ ചില തന്ത്രങ്ങളും ഇവ ഉപയോഗിക്കാറുണ്ട്. വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് പോകാതിരിക്കാൻ മീനുകൾ ചെറിയ പാറയിടുക്കുകളിലോ, ജലസസ്യങ്ങൾക്കിടയിലോ നിന്നാണ് ഉറങ്ങുന്നത്. ചില ഇനം മീനുകൾ ഉറക്കത്തിലും അവയുടെ ചിറകുകൾ പതുക്കെ ചലിപ്പിച്ചുകൊണ്ടിരിക്കും. വെള്ളത്തിനടിയിൽ ഒരേ സ്ഥലത്തുതന്നെ ഒഴുകിപ്പോകാതെ നിലനിൽക്കാൻ ഈ ചിറകടി അവയെ സഹായിക്കുന്നു.





